Wednesday, May 7, 2008

ഇഷ്ടമാണെനിക്ക്

കോളേജില്‍ പഠിക്കുന്ന കാലം. പക്ഷേ സംഭവം നടക്കുന്നത് കോളേജിലല്ല. നമ്മുടെ സ്വന്തം സ്ഥലത്തു തന്നെ. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാമുകിമാരുണ്ടായിരുന്നത് മനോജ് എന്ന സുഹൃത്തിനായിരുന്നു. നന്നായി മിമിക്രിയും തെറ്റില്ലാതെ പാട്ടുപാടുകയും ചെയ്യുന്ന അവനു കാമുകിമാര്‍ക്ക് ഒരു പഞ്ഞവുമുന്ടാകില്ല എന്നു ഞങ്ങളും കരുതി.പക്ഷേ അവന്റെ ആ ലൈനുകളില്‍ നിന്ന് ഔട്ട് ഗോയിങ്ങ് കാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു ഇന്‍‌കമിംഗ് കോളുപോലും ആ ലൈനിലൂടി ഒഴുകിയെത്തിയില്ലെന്നതും അവനുമാത്രമറിയാവുന്ന ഒരു ദു:ഖ സത്യം മാത്രമായിരുന്നു.

ഇവന്‍ എന്നും കോളേജ് വിട്ടു വന്നാല്‍ അവന്റെ ലൈനുകളെക്കുറിച്ചു പറയാനെ നേരമുള്ളൂ..അവനു കിട്ടിയ പ്രണയലേഖനങ്ങളെക്കുറിച്ചും അവന്‍ കൊടുത്ത പ്രണയലേഖനങ്ങളെക്കുറിച്ചും അവന്‍ വാചാലനാകും. അ(ഇ)ന്നുവരെ ആരില്‍നിന്നും ഒരു പ്രണയലേഖനം പോലും കിട്ടാതിരുന്ന ഞങ്ങള്‍ക്ക് ഇതെല്ലാം കേട്ട് അവനോട് അസൂയ മൂത്തു.

അവന്‍ പറയുന്നതെല്ലാം സത്യമാണോയെന്നു ഞങ്ങള്‍ക്ക് ഒരു സംശയം ഇല്ലാതിരുന്നില്ല. ഇങ്ങിനെ അസൂയ മൂത്തപ്പോള്‍ നമ്മുടെ പ്രണയനായകനിട്ട് ഒരു പണി കൊടുക്കാന്‍ ഞാനും എന്റെ സുഹൃത്ത് സജീവനും കൂടി തീരുമാനിച്ചു.അങ്ങിനെ ഞാനും സജീവനും കൂടി ഇരുന്നു ഒരു പ്രണയലേഖനം എഴുതി ഉണ്ടാക്കി. പിന്നീട് അതു ഒരു ഇന്‍ലന്‍ഡിലേക്ക് ഞാന്‍ പകര്‍ത്തി എഴുതി. കാര്‍ബണ്‍കോപ്പി വെച്ചാണ് ഇതു എഴുതിയത്. നമ്മുടെ കാമുകനെ അവസാനം ഈ കാര്‍ബണ്‍ കോപ്പി തെളിവായി കാണിക്കണമല്ലോ... പ്രസ്തുത പ്രണയലേഖനം ഏതാണ്ട് ഇതുപോലെയായിരുന്നു.

“ പ്രിയപ്പെട്ട മനോജിന്.
നേരിട്ട് പറയാനൊരു മടി.
അതുകൊണ്ടാണ് ഈ കത്തിലാക്കിയത്
ഇഷ്ടമാണ് മനോജിന്റെ മിമിക്രിയും, പാട്ടും
പിന്നെ.... പിന്നെ മനോജിനേയും
എനിക്കു ഒന്നു സംസാരിക്കണം.
ഈ ശനിയാഴ്ച 10 മണിക്ക് കൊടുങ്ങല്ലൂരില്‍ ----------- സ്ഥലത്ത് വരണം
എന്നു----------- “

ഈ ലൌ ലെറ്റര്‍ കോണത്തുക്കുന്ന് പോസ്റ്റ് ഓഫീസില്‍നിന്നും ഞാന്‍ പോസ്റ്റ് ചെയ്തു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗെഡിക്ക് കത്തു കിട്ടി. അന്നു വൈകുന്നേരം മനോജ് ഞങ്ങളോട് കാര്യം പറഞ്ഞു.
“ ഡാ മക്കളെ... എനിക്കിന്നൊരു ലൌ ലെറ്റര്‍ കിട്ടിയെടാ.. നമ്മുടെ ലവളില്ലേ... അവളുടെ..ഞാന്‍ അവളെ കുറച്ചു നാളായി നോട്ടമിട്ടു നടക്കുകയായിരുന്നു.പക്ഷേ ഇത്ര വേഗം വളയുമെന്നു ഞാന്‍ വിചാരിച്ചില്ല.”

ഇതും പറഞ്ഞ് അവന്‍ കത്ത് ഞങ്ങളെ കാണിച്ചു. (ഞാനും സജീവനും ചേര്‍ന്നാണ് ഈ സംഗതി ഒപ്പിച്ചതെന്നു മറ്റൊരാള്‍ക്കും അറിയില്ലായിരുന്നു.)ഞാന്‍ ലെറ്റര്‍ വാങ്ങി ആദ്യമായി കാണുന്നതുപോലെ നോക്കി വായിച്ചു. എന്നിട്ടു പറഞ്ഞു.

“ഡാ മോനെ... ഇതു അവളൊന്നും എഴുതിയതാവില്ല. നിന്നെയാരെങ്കിലും പറ്റിക്കാന്‍ എഴുതിയതാകും. മാത്രമല്ല അവളൊന്നും അങ്ങിനെ വളയുന്ന ടൈപ്പും അല്ല.”
ഇതു കേട്ടപ്പോള്‍ നമ്മുടെ കാമുകന് എന്നോട് കലിപ്പായി

“പോടാ പോടാ... ഇതു അവള്‍ തന്നെ എഴുതിയതാ.. എനിക്കുറപ്പാ. നീ കൈയ്യക്ഷരം നോക്ക് . ഇതു ഒരു പെണ്‍കുട്ടിയുടെ കൈയ്യക്ഷരം തന്നെ (ഞാന്‍ ഞെട്ടി). ഡാ.. അസൂയ പാടില്ല. ഒന്നു സ്വന്തമാക്കി അഭിമാനിക്കാന്‍ നോക്കൂ... അല്ലേലും നിനക്കൊന്നും ഇത് പറഞ്ഞിട്ടില്ല”

“നിനക്ക് അത്രക്ക് ഉറപ്പാണേല്‍ നീ ശനിയാഴ്ച പോയി അവളോട് സംസാരിക്കൂ.. കൂട്ടിന്‍ വേണേല്‍ ഞാനും വരാം” ഞാന്‍ പറഞ്ഞു.

“എനിക്ക് ഒരാളുടേയും കൂട്ട് വേണ്ടാ.മാത്രമല്ല ഞങ്ങള്‍ക്ക് പലതും പറയാനുണ്ടാകും. അതോണ്ട് നീ വരണ്ട മോനെ . ഞാന്‍ ഒറ്റക്ക് പൊയ്ക്കോളാം”
“ശരി . ഞാന്‍ വരുന്നില്ല. നീ ഒറ്റക്ക് തന്നെ പൊയ്ക്കോ..”. അങ്ങിനെ ശനിയാഴ്ച വന്നെത്തി.10 മണിക്കാണല്ലോ കൂടികാഴ്ച. ഞാനും സജീവനും കൂടി ഏകദേശം ഒരു 10 മണിയായപ്പോല്‍ മനോജിന്റെ വീട്ടിലെത്തി. കക്ഷി പോയോ എന്നറിയണമല്ലോ.
“മനോജില്ലേ ...? “ മനോജിന്റെ അമ്മയോട് ഞാന്‍ ചോദിച്ചു.
“അവന്‍ ഒരു 9 മണിയായപ്പോള്‍ ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോണമെന്നും പറഞ്ഞു ഇറങ്ങിയതാ..“മനോജിന്റെ അമ്മ പറഞ്ഞു.
അപ്പോള്‍ സംഗതി ഏറ്റു. ഞങ്ങള്‍ അന്നു വൈകുന്നേരമാകാന്‍ കാത്തിരുന്നു. ഒരു 7 മണിയോടെ നമ്മുടെ അവശ കാമുകന്‍ എത്തി.
“ഡാ.. എന്തായി ..എന്തായി.. അവള്‍ വന്നോ? എന്തു പറഞ്ഞു? “എല്ലാവരും അവന്റെ മേല്‍ ചാടി വീണു.

“ഹോ... ഒന്നും പറയണ്ട മക്കളെ... ഇന്നൊരു സുദിനമായിരുന്നു മോനെ... അവള്‍ക്ക് എന്നോട് ഇത്ര ഇഷ്ടമാണെന്നു ഞാനൊരിക്കലും വിചാരിച്ചില്ല. അവള്‍ പറയാ.. എന്നെ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് അവള്‍ക്ക് ഇഷ്ടമാണെന്ന്. അവളുടെ ഒരു ഫോട്ടോയും തന്നു. പക്ഷേ അതു ഞാന്‍ കാണിച്ചു തരില്ല.”

ഇനി വിട്ടു കൊടുത്താല്‍ പറ്റില്ല. ഇവന്‍ ഓവറാക്കും ഞാന്‍ സജീവനോട് പറഞ്ഞു. ഞാന്‍ പോക്കറ്റില്‍ നിന്നും കത്തിന്റെ കാര്‍ബണ്‍ കോപ്പി പുറത്തെടുത്തു. എന്നിട്ട് എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു. ഇതുകണ്ട കാമുകന്‍ ഞെട്ടി. അവന്‍ വീണ്ടും അവശകാമുകനായി.ഗായകനായ കാമുകന്‍ അവിടെ ഒരു ഭരണിപ്പാട്ടും നടത്തിയിട്ടാണ് അന്ന് വീട്ടിലേക്ക് പോയത്
ഇതൊരു പഴയ വീഞ്ഞാ.പൊടിപിടിച്ചുകിടന്ന ഈ ബ്ലൊഗൊന്നു പൊടിതട്ടിയെടുക്കാന്‍ പറ്റോന്ന് നോക്കട്ടെ

Friday, August 10, 2007

എന്റെ ചില വിഷമതകള്‍

സമയം രാവിലെ ആറുമണി. ഞാന്‍ കിടക്കപ്പായീന്നെഴുന്നേറ്റ് പല്ല് തേപ്പ്, കുളി തുടങ്ങിയ സാധന സാമഗ്രികളെല്ലാം കഴിച്ചു വന്നപ്പോള്‍ റേഡിയോയില്‍ ആറരക്കുള്ള പ്രഭാതഭേരി തുടങ്ങിയിരുന്നു.സൈക്കിള്‍ ഒന്നു പൊടി തട്ടി കുട്ടപ്പനാക്കി.അപ്പോഴേക്കും അമ്മ ഒരു പത്ത് ലിറ്ററിന്റെ പാലും പാത്രം സൈക്കിളിന്റെ ഹാന്റിലില്‍ കൊളുത്തിയിട്ടു. ഒരു കാലികാപ്പിയും അകത്താക്കി ഞാന്‍ അടുത്തുള്ള പാല്‍ സൊസൈറ്റിയിലേക്ക് തെറിച്ചു. ആദ്യമൊക്കെ പാലും കൊണ്ട് രാവിലെ പാല്‍‌സൊസൈറ്റിയിലേക്കുള്ള ഈ പോക്ക് ഒരു കുരിശായി തോന്നിയിരുന്നെങ്കിലും ഈയിടെയായി രാവിലെ തന്നെ പാല്‍‌സൊസൈറ്റിയിലേക്ക് പോകാന്‍ എന്തെന്നില്ലാത്ത ഒരു ഉഷാറാണ്. കാരണം മറ്റൊന്നുമല്ല, ഇപ്പോള്‍ സൊസൈറ്റീ‍ല്‍ കണക്കെഴുതാന്‍ വരുന്നത് ജഴ്സിപശൂനെപോലെ സുന്ദരിയായ ഒരു മധുരപതിനെട്ടുകാരിയാണ്. ഈ സുന്ദരി കണക്കെഴുത്ത് തുടങ്ങുന്നതിന് മുന്‍പ്‌ പുതപ്പിനടിയില്‍ ചുരുണ്ട്മൂടി കിടന്ന്, “ എന്നെകൊണ്ടൊന്നും വയ്യ ഈ വെളുപ്പാന്‍ കാലത്ത് പാലും കൊണ്ട് പോകാന്‍, അമ്മ തന്നെ കൊണ്ടോയാല്‍ മതി” എന്നു പറഞ്ഞിരുന്ന എല്ലാ ചുള്ളന്മാരും ഇപ്പോള്‍ അതിരാവിലെ എഴുന്നേറ്റ് കുളീച്ച് പൌഡറിട്ട് കൃത്യമായി സൊസൈറ്റിയില്‍ വന്ന് പാലളക്കുകയും സൊസൈറ്റി അടക്കുന്നതു വരെ അവിടെ തമ്പടിക്കുകയും ചെയ്തുപോന്നു. ഈ പെണ്‍കണക്കപ്പിള്ള ഉടനൊന്നും പോകല്ലേയെന്ന് ഇവന്മാരുടെ അമ്മമാരും മനമുരുകെ പ്രാര്‍ത്ഥിച്ചു.
ഈ സുന്ദരീ ദര്‍ശനം മാത്രമായിരുന്നില്ല പലരുടെയും ലക്ഷ്യം. വീട്ടില്‍നിന്നും പത്ത് ലിറ്റര്‍ പാലുമായ് വരുന്ന ഗെഡീസ് അതില്‍ ഒരു രണ്ട് മൂന്ന് ലിറ്റര്‍ പാല്‍ മറ്റുള്ള വീടുകളില്‍ വീട്ടുകാരറിയാതെ കൊടുത്തുപോന്നു. അതില്‍ നിന്നും മാസം തോറും കിട്ടുന്ന കാശ് കൊണ്ട് വേണം മുഗള്‍,കാളീശ്വരി,നോബിള്‍,ശില്പി,എസ്സെന്‍, മിനിമുഗള്‍
എന്നീ തിയ്യെറ്ററികളിലെ പടങ്ങള്‍ കാണാനും പിന്നെ മറ്റു വട്ട ചിലവുകളും നടത്താനും
അങ്ങിനെ പാലും കൊടുത്ത് വീട്ടില്‍ തിരിച്ചെത്തി വേഗം തന്നെ പുട്ടടിയും കഴിഞ്ഞ് ഇരിങ്ങാലക്കുടയിലേക്ക് വിട്ടു. ഇന്ന് രാവിലെ 8.30 ക്ക് രാജന്‍ സാറിന്റെ സ്റ്റാറ്റിസ്റ്റിക്സ് ട്യൂഷന്‍ ഉണ്ട്. എന്റെ വീട്ടില്‍ നിന്നും 11 കിലോമീറ്റര്‍ ഉണ്ട് ഇരിങ്ങാലക്കുടയിലേക്ക്. 3 കി.മീ. സൈക്കിളില്‍ പോയിട്ട് വേണം കോണത്തുകുന്ന് എന്ന സ്ഥലത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള ബസ്സ് പിടിക്കാന്‍. സൈക്കിള്‍ കോണത്തുകുന്നിലെ ഗ്ലാമര്‍ ഓയില്‍ മില്ലിന്റെ സമീപമുള്ള വീട്ടില്‍ പാര്‍ക്ക് ചെയ്ത് ഇരിങ്ങാലക്കുടയിലേക്ക് വണ്ടി കയറി..ഇരിങ്ങാലക്കുട സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി പ്രഭാത് തിയ്യേറ്ററിന്റെ അരികിലൂടെ നടന്ന് രാജന്‍ സാറിന്റെ വീട്ടിലെത്തി. അവിടെ എത്തിയപ്പോല്‍ ഫുള്‍ ട്യൂഷന്‍ പിള്ളാര്‍സ് എത്തിയിട്ടുണ്ടായിരുന്നു. പതിനൊന്നു മണിയായപ്പോഴേക്കും ട്യൂഷന്‍ തീര്‍ന്നു. ശനിയാഴ്ചയായതു കാരണം ഇന്നു വേറെ പരിപാടിയൊന്നുമില്ല. അതുകൊണ്ട് കുറച്ചു നേരം ക്രിക്കറ്റ് കളിച്ചിട്ട് പോകാം എന്ന് എല്ലാരും കൂടി തീരുമാനിച്ചു. അവിടെ അടുത്തുള്ള സുഹൃത്ത് വേഗം വീട്ടില്‍ പോയി ബാറ്റും മറ്റു കുന്ത്രാണ്ടങ്ങളുമായ് വന്നു. ആദ്യം മുനിസിപ്പല്‍ മൈതാനിയില്‍ കളിക്കാമെന്ന് വിചാരിച്ചെങ്കിലും അവിടെ ഏതോ ടൂര്‍ണ്ണമെന്റ് നടക്കുന്നതിനാല്‍ ഞങ്ങള്‍ ബോയ്സ് സ്ക്കൂളിലെ ഗ്രൌണ്ടിലേക്ക് വണ്ടി വിട്ടു.
അങ്ങിനെ ടീമിട്ടു കളി തുടങ്ങി. വല്ല റബ്ബര്‍ ബോളോ, ടെന്നീസ് ബോളൊ ആയിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത് . കളി തുടങ്ങിയപ്പോഴല്ലേ സംഗതി പെശകാണെന്ന് മണത്തത്..നല്ല അസ്സല്‍ കോര്‍ക്ക് ബോളുകൊണ്ടാ കളി. എനിക്ക് പണ്ടേ ഈ കോര്‍ക്ക് ബോളുകൊണ്ടുള്ള കളി പേടിയാ. ഇനിയിപ്പോ കളിക്കാന്‍ ഇല്ലാ എന്നു പറഞ്ഞാല്‍ അതു നാണക്കേടാ..അതുകൊണ്ട് ഞാന്‍ കളിക്കാന്‍ തന്നെ തീരുമാനിച്ചു.
ബാറ്റുചെയ്യാനുള്ള എന്റെ ഊഴം വന്നു. ഓരോ ബോളും പേടിച്ച് പേടിച്ചാണു നേരിട്ടുകൊണ്ടിരുന്നത്. പതുക്കെ ബോള്‍ ചെയ്യണമെന്ന് പന്ത് എറിയുന്നവനോട് പറയണമെന്നുണ്ടായിരുന്നെങ്കിലും എല്ലാവരും കളിയാക്കിയാലോ എന്നു കരുതി ഞാന്‍ മിണ്ടിയില്ല.
ബോള്‍ ചെയ്യുന്നവന്‍ അകലേന്ന് ഓടിവരുന്നതു കണ്ടപ്പോല്‍ തന്നെ എന്റെ നെഞ്ചിടിച്ചു
പ്‌ഠേ....ആ പന്ത് വളരെ കൃത്യമായി എന്റെ ഇടത്തേ കണ്ണിന്റെ മണ്ടക്ക് തന്നെ കൊണ്ടു.ഭൂമി കറങ്ങുന്നുണ്ടെന്ന് ആരോ കണ്ടുപിടിച്ചത് സത്യമാണെന്ന് എനിക്കപ്പോളാണ് മനസ്സിലായത്. ഞാന്‍ താഴെ വീണു..വേദന സഹിക്കാന്‍ പറ്റിയില്ല..ഇടത്തേക്കണ്ണ് ആവുന്നത്ര ഞാന്‍ തുറക്കാന്‍ ശ്രമിച്ചു നോക്കി..പറ്റുന്നില്ല.. അതിനിടയില്‍ ആരോ പോയി അടുത്ത വീട്ടില്‍ നിന്നും കുറച്ച് ഐസുംവെള്ളം കൊണ്ട് വന്ന് കണ്ണില്‍ ഒഴിച്ചു.കുറെ വെള്ളം അകത്താക്കി.നോ രക്ഷ..കണ്ണ് തുറക്കാന്‍ പറ്റുന്നില്ല...

എല്ലാരും കൂടി എന്നെ മുനിസിപ്പല്‍ ഗ്രൊണ്ടിന്റെ അടുത്തുള്ള തോമസ് ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി.ചില പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ എന്റെ കണ്ണ് ബാന്‍ഡേജ് കൊണ്ട് പൂര്‍ണ്ണമ്മായും മൂടിക്കെട്ടി. ഇനി ഒന്നരമാസം കഴിഞ്ഞേ കെട്ട് അഴിക്കാന്‍ പാടുള്ളൂന്നും രണ്ട് ദിവസം കഴിഞ്ഞ് വിവരം പറയാനും പറഞ്ഞു.

ഒരു കണ്ണ് കൊണ്ട് എന്റെ മുഖം കണ്ണാടിയില്‍ കണ്ട് ഞാന്‍ ഞെട്ടി..ഈശ്വരാ..ഇനി ഒന്നരമാസത്തേക്ക് ഒറ്റക്കണ്ണുംവെച്ച് ഞാന്‍...ഏത് നേരത്താണാവോ എനിക്ക് കളിക്കാന്‍ തോന്നിയത്. പന്തെറിഞ്ഞവനെ ഞാന്‍ മനസ്സില്‍ പ്രാകി കൊന്നു.
ഒരു സുഹൃത്ത് എന്നെ വീട്ടില്‍ കൊണ്ടുവന്നാക്കാനായി എന്റെ കൂടെ വന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് കോണത്തുക്കുന്നിലേക്ക് ബസ്സ് കയറി.. ബസ്സില്‍ ഉണ്ടായിരുന്ന് പരിചയക്കാരെല്ലാം എന്തു പറ്റി..
എന്തു പറ്റി.. എന്നു ചോദിച്ചു.. ഞാന്‍ എന്തു പറയാന്‍..സുഹൃത്ത് ചോദിച്ചവരോടെല്ലാം സംഭവം പറഞ്ഞു.
കോണത്തുക്കുന്നില്‍ ബസ്സിറങ്ങി. ഇനി അവിടെ നിന്ന് 3 കിലോമീറ്റര്‍ പോണം വീട്ടിലേക്ക്. പൈങ്ങോട്ടിലേക്ക് അന്ന് ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നില്ല
. എന്റെ സൈക്കിള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഈ കോലത്തില്‍ എങ്ങിനെ സൈക്കിളില്‍ പോകും. അപ്പോഴേക്കും കോണത്തുക്കുന്നില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന എന്റെ ബന്ധുവായ സജീവന്‍ ചേട്ടന്‍ ഓടിവന്നു.
എന്താടാ കണ്ണൊക്കെ കെട്ടിപൂട്ടി വച്ചിരിക്കുന്നേ....ഞാന്‍ സംഭവം ചുരുക്കി വിശദീകരിച്ചു. വേഗം തന്നെ പുള്ളി വണ്ടിയുമായ് വന്നു. അങ്ങിനെ വീട്ടിലെത്തി. ഈ വിവരം അമ്മയെ ആദ്യം അറിയിക്കാന്‍ സജീവന്‍ ചേട്ടന്‍ വേഗം തന്നെ അമ്മയെ വിളിച്ചു..അമ്മായീ ദാ ചെക്കന്റെ കണ്ണ് പോയി വേഗം വന്ന് കാണൂ..
ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി. സജീവന്‍ ചേട്ടന്റെ ഒച്ച കേട്ട് അമ്മ ഇറങ്ങി വന്നു. പിന്നെ കരച്ചിലായി ബഹളമായി..
ഈ ഒന്നരമാസക്കാലം കണ്ണും മൂടി കെട്ടി ഇരിക്കുന്നതായിരുന്നില്ല എന്റെ വിഷമം..ഇത്രയും ദിവസം പാലുംകൊണ്ട് സൊസൈറ്റിയില്‍ പോകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തായിരുന്നു!!!

Wednesday, August 1, 2007

ചില പൈങ്ങോടന്‍ കാഴ്ചകള്‍

സുഹൃത്തുക്കളെ...ഇതാ..നമ്മുടെ പൈങ്ങോടിന്റെ ചില ചിത്രങ്ങള്‍. വൈകുന്നേരങ്ങളില്‍ നമ്മള്‍ ഒന്നിക്കാറുള്ള നമ്മുടെ കല്ലേരിപാടവും പനച്ചിക്കല്‍ ചിറയും ഇവിടെ കാണാം. ഒരു പൈങ്ങോടന്‍ കൂടിയായ നന്ദുവാണ് ഈ ചിത്രങ്ങള്‍ എടുത്തത്. നന്ദുവിന്റെ മറ്റു ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക









































Thursday, July 5, 2007

കാമറൂണിനു പറ്റിയ തെറ്റ്

ഞാനിപ്പോള്‍ ഇവിടെ പറയാന്‍ പോകുന്ന സംഭവം പൈങ്ങോട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും അതീ ബ്ലോഗ് വഴി ലോകം മുഴുവന്‍ പാട്ടാക്കി എന്ന് ഈ സംഭവത്തിലെ നായകന്‍ അറിഞ്ഞാല്‍ എന്റെ തടി കേടാകും എന്ന പൂര്‍ണ്ണ ബോധ്യം ഉള്ളതുകൊണ്ട് ഈ കഥയിലെ നായകന്റെ യഥാര്‍ത്ഥ പേര് ഞാനിവിടെ പറയുന്നില്ല

ജെയിംസ് കാമറൂണിന്റെ പ്രശ്സ്തമായ ടൈറ്റാനിക് സിനിമ റിലീസായ സമയം. സിനിമയേക്കുറിച്ചും പടത്തിലെ നായികയായ കേറ്റ്വിന്‍‌സ്‌ലെറ്റിനെക്കുറിച്ചും കേട്ടറിഞ്ഞ പൈങ്ങോട്ടിലെ ചെറുപ്പക്കാര്‍ക്ക് ആ പടം കാണാതെ ഉറക്കം വരില്ലെന്ന അവസ്ഥയായി.

എല്ലാ പുതിയ പടങ്ങളും കൊടുങ്ങലൂരിലെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാറുണ്ടെങ്കിലും ടൈറ്റാനിക് കൊടുങ്ങലൂരില്‍ റിലീസ് ഉണ്ടായിരുന്നില്ല. തൃശ്ശൂര്‍ രാഗം തിയ്യേറ്ററിലാണ് പടം കളിച്ചിരുന്നത്.
ഒരു ശനിയാഴ്ച വൈകുന്നേരം അന്നുണ്ടായിരുന്ന മുദ്ര ക്ലബ്ബില്‍ വെച്ച് ക്യാരംസ് കളിക്കുന്നതിനിടയിലാണ് നാളെ തൃശ്ശൂര്‍ രാഗത്തില്‍ ടൈറ്റാനിക് കാണാന്‍ പോയാലോ എന്ന് ആരോ ചോദിച്ചത്. അങ്ങിനെ ഞായറാഴ്ച പടം കാണാന്‍ പോകാമെന്ന കാര്യം അപ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടു.
ഞായറാഴ്ച രാവിലെ തന്നെ ഒരു സംഘം പൈങ്ങോടന്മാര്‍ തൃശ്ശൂര്‍ രാഗത്തിലേക്ക് വെച്ചുപിടിച്ചു. രാഗത്തിലെ 70 എം.എം. ഡോള്‍ബി ഡിജിറ്റലില്‍ ടൈറ്റാനിക്ക് സിനിമ കാണാന്‍ യുവാക്കളുടെ പ്രളയമായിരുന്നു.

കൊടുങ്ങല്ലൂര്‍ കാളീശ്വരിയിലേയും മുഗള്‍ തിയ്യേറ്ററിലേയും വീതികുറഞ്ഞ ടിക്കറ്റ് കൌണ്ടറുകളില്‍ ടിക്കറ്റെടുത്തു തഴക്കവും പഴക്കവും വന്ന പൈങ്ങോടന്‍സിന് ടിക്കറ്റ് കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല

പടം തുടങ്ങി. സിനിമയിലെ ഒരു ചെറിയ ഡയലോഗു പോലും തങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന ഭാവത്തില്‍ ഓരോ പൈങ്ങോടനും സിനിമ കാണുകയാണ് (ഇംഗ്ലീഷ് ഭാഷ കണ്ടുപിടിച്ചവനെ അപ്പോള്‍ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അയാ‍ളുടെ കഥ അവിടെ കഴിഞ്ഞേനെ)

വൃദ്ധയായ നായിക തന്റെ യൌവ്വനകാലത്തെ ടൈറ്റാനിക് യാത്രയെക്കുറിച്ച് അനുസ്മരിക്കുന്നതും പിന്നീട് വൃദ്ധയായ നായികയുടെ യൌവ്വന കാലം അവതരിപ്പിച്ച കേറ്റ് വിന്‍സ്‌ലെറ്റിനേയും കണ്ട് പൈങ്ങോടന്‍സിന്റെ മനം കുളിര്‍ത്തു
മൂന്ന് മൂന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല. പൈങ്ങോട്ടില്‍ നിന്നും ആദ്യമായി ടൈറ്റാനിക് കണ്ടവരെന്ന നെഗളിപ്പോടെ ഈ സംഘം വൈകീട്ട് പൈങ്ങോട്ടില്‍ തിരിച്ചെത്തി.
പടം കാണാന്‍ പോകാന്‍ സാധിക്കാത്ത പാവങ്ങള്‍ ഈ ടീമിന്റെ വരവും കാത്ത് കല്ലേരിപാടത്തെ കലുങ്കില്‍മേല്‍ കാത്തിരിപ്പുണ്ടായിരുന്നു

പടം കാണാത്തവര്‍ക്കുള്ള വിവരണം പടം കണ്ട ഓരോരുത്തരും അവരവരുടേതായ രീതിയില്‍ നല്‍കികൊണ്ടിരുന്നു

“ ഹോ.....ന്റെഷ്ടാ...എന്താ മോനെ പടം....സിനിമയായല്‍ ഇങ്ങിനെ വേണം...പിന്നെ വിന്‍സ്‌ലെറ്റ്....കാമറൂണിനെ സമ്മതിക്കണം’‘

ഇങ്ങിനെ ഓരോരുത്തരും പല രീതിയിലുള്ള വിവരണങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ചാമ്പികൊണ്ടിരുന്നു.

അപ്പോഴാണ് അതുവരെ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്ന പടം കണ്ടവരുടെ കൂട്ടത്തിലെ ഒരുത്തന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞത്

“ ഡാ...പിള്ളാരെ...നിര്‍ത്തെടാ ഡയലോഗ്....പടം കണ്ടു ഒന്നും മനസ്സിലാകാതെ ഇരുന്നു ഡയലോഗ് വിടുന്നൂ...ഒരു സിനിമ കാണുമ്പോള്‍ നമ്മുടെ ശ്രദ്ധ ആ സിനിമയില്‍ മാത്രമായിരിക്കണം. എന്നാലേ നമ്മുക്ക് സിനിമ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.നിങ്ങളെല്ലാരും കുറേ നേരമായല്ലോ സിനിമയെ പൊക്കി പറയുന്നു. നിങ്ങളിലാര്‍ക്കെങ്കിലും ഈ സിനിമയില്‍ കാമറൂണിനു പറ്റിയ ഒരു ഗംഭീര തെറ്റ് മനസ്സിലാക്കാന്‍ കഴിഞ്ഞോ?

“കാമറൂണിനു തെറ്റുപറ്റിയെന്നോ? എന്തു തെറ്റ് ? “ പടം കണ്ട എല്ലാരുംകൂടി ചോദിച്ചു...

സംഭവത്തിലെ നായകന്‍ ഒന്ന് എയര്‍ പിടിച്ച് ശബ്ദം ഒന്നു ഡോള്‍ബിയാക്കി മറുപടി പറഞ്ഞു
“ അതാ പറഞ്ഞത് സിനിമ കാണുമ്പോള്‍ ശ്രദ്ധിച്ചു കാണണമെന്ന്. സംഭവം കാമറൂണ്‍ പടം തെറ്റില്ലാത്ത രീതിയില്‍ എടുത്തിട്ടുണ്ട്. പക്ഷേ കാമറൂണ്‍ ഒരു പ്രധാന കാര്യം പറയാന്‍ വിട്ടു പോയി”

“ എന്തു കാര്യം“ എല്ലാരും ആകാക്ഷയോടെ ചോദിച്ചു

“സിനിമയുടെ തുടക്കത്തില്‍ ഒരു തള്ളച്ചിയെ കാണിക്കുന്നുണ്ടല്ലോ.. അവരാണല്ലോ നമ്മുടെ വിന്‍സ്‌ലെറ്റിനെക്കുറിച്ച് പറയുന്നത്..പക്ഷേ ആ തള്ളച്ചിക്ക് ഈ വിന്‍സ്‌ലെറ്റിനെക്കുറിച്ച് എങ്ങിനെ അറിയാം..അത് സിനിമയുടെ ഒരു ഭാഗത്തും പറയുന്നില്ല...ഞാന്‍ പടം ശ്രദ്ധിച്ചു കണ്ടതുകൊണ്ടാണ് കാമറൂണിനു പറ്റിയ ഈ തെറ്റ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്”

എല്ലാവരും ദയനീയ ഭാവത്തില്‍ ലവനെ നോക്കി....അവനപ്പോഴും കാമറൂണിന്റെ തെറ്റുകണ്ടുപിടിച്ച ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ തന്നെയായിരുന്നു