Wednesday, May 7, 2008

ഇഷ്ടമാണെനിക്ക്

കോളേജില്‍ പഠിക്കുന്ന കാലം. പക്ഷേ സംഭവം നടക്കുന്നത് കോളേജിലല്ല. നമ്മുടെ സ്വന്തം സ്ഥലത്തു തന്നെ. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാമുകിമാരുണ്ടായിരുന്നത് മനോജ് എന്ന സുഹൃത്തിനായിരുന്നു. നന്നായി മിമിക്രിയും തെറ്റില്ലാതെ പാട്ടുപാടുകയും ചെയ്യുന്ന അവനു കാമുകിമാര്‍ക്ക് ഒരു പഞ്ഞവുമുന്ടാകില്ല എന്നു ഞങ്ങളും കരുതി.പക്ഷേ അവന്റെ ആ ലൈനുകളില്‍ നിന്ന് ഔട്ട് ഗോയിങ്ങ് കാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു ഇന്‍‌കമിംഗ് കോളുപോലും ആ ലൈനിലൂടി ഒഴുകിയെത്തിയില്ലെന്നതും അവനുമാത്രമറിയാവുന്ന ഒരു ദു:ഖ സത്യം മാത്രമായിരുന്നു.

ഇവന്‍ എന്നും കോളേജ് വിട്ടു വന്നാല്‍ അവന്റെ ലൈനുകളെക്കുറിച്ചു പറയാനെ നേരമുള്ളൂ..അവനു കിട്ടിയ പ്രണയലേഖനങ്ങളെക്കുറിച്ചും അവന്‍ കൊടുത്ത പ്രണയലേഖനങ്ങളെക്കുറിച്ചും അവന്‍ വാചാലനാകും. അ(ഇ)ന്നുവരെ ആരില്‍നിന്നും ഒരു പ്രണയലേഖനം പോലും കിട്ടാതിരുന്ന ഞങ്ങള്‍ക്ക് ഇതെല്ലാം കേട്ട് അവനോട് അസൂയ മൂത്തു.

അവന്‍ പറയുന്നതെല്ലാം സത്യമാണോയെന്നു ഞങ്ങള്‍ക്ക് ഒരു സംശയം ഇല്ലാതിരുന്നില്ല. ഇങ്ങിനെ അസൂയ മൂത്തപ്പോള്‍ നമ്മുടെ പ്രണയനായകനിട്ട് ഒരു പണി കൊടുക്കാന്‍ ഞാനും എന്റെ സുഹൃത്ത് സജീവനും കൂടി തീരുമാനിച്ചു.അങ്ങിനെ ഞാനും സജീവനും കൂടി ഇരുന്നു ഒരു പ്രണയലേഖനം എഴുതി ഉണ്ടാക്കി. പിന്നീട് അതു ഒരു ഇന്‍ലന്‍ഡിലേക്ക് ഞാന്‍ പകര്‍ത്തി എഴുതി. കാര്‍ബണ്‍കോപ്പി വെച്ചാണ് ഇതു എഴുതിയത്. നമ്മുടെ കാമുകനെ അവസാനം ഈ കാര്‍ബണ്‍ കോപ്പി തെളിവായി കാണിക്കണമല്ലോ... പ്രസ്തുത പ്രണയലേഖനം ഏതാണ്ട് ഇതുപോലെയായിരുന്നു.

“ പ്രിയപ്പെട്ട മനോജിന്.
നേരിട്ട് പറയാനൊരു മടി.
അതുകൊണ്ടാണ് ഈ കത്തിലാക്കിയത്
ഇഷ്ടമാണ് മനോജിന്റെ മിമിക്രിയും, പാട്ടും
പിന്നെ.... പിന്നെ മനോജിനേയും
എനിക്കു ഒന്നു സംസാരിക്കണം.
ഈ ശനിയാഴ്ച 10 മണിക്ക് കൊടുങ്ങല്ലൂരില്‍ ----------- സ്ഥലത്ത് വരണം
എന്നു----------- “

ഈ ലൌ ലെറ്റര്‍ കോണത്തുക്കുന്ന് പോസ്റ്റ് ഓഫീസില്‍നിന്നും ഞാന്‍ പോസ്റ്റ് ചെയ്തു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗെഡിക്ക് കത്തു കിട്ടി. അന്നു വൈകുന്നേരം മനോജ് ഞങ്ങളോട് കാര്യം പറഞ്ഞു.
“ ഡാ മക്കളെ... എനിക്കിന്നൊരു ലൌ ലെറ്റര്‍ കിട്ടിയെടാ.. നമ്മുടെ ലവളില്ലേ... അവളുടെ..ഞാന്‍ അവളെ കുറച്ചു നാളായി നോട്ടമിട്ടു നടക്കുകയായിരുന്നു.പക്ഷേ ഇത്ര വേഗം വളയുമെന്നു ഞാന്‍ വിചാരിച്ചില്ല.”

ഇതും പറഞ്ഞ് അവന്‍ കത്ത് ഞങ്ങളെ കാണിച്ചു. (ഞാനും സജീവനും ചേര്‍ന്നാണ് ഈ സംഗതി ഒപ്പിച്ചതെന്നു മറ്റൊരാള്‍ക്കും അറിയില്ലായിരുന്നു.)ഞാന്‍ ലെറ്റര്‍ വാങ്ങി ആദ്യമായി കാണുന്നതുപോലെ നോക്കി വായിച്ചു. എന്നിട്ടു പറഞ്ഞു.

“ഡാ മോനെ... ഇതു അവളൊന്നും എഴുതിയതാവില്ല. നിന്നെയാരെങ്കിലും പറ്റിക്കാന്‍ എഴുതിയതാകും. മാത്രമല്ല അവളൊന്നും അങ്ങിനെ വളയുന്ന ടൈപ്പും അല്ല.”
ഇതു കേട്ടപ്പോള്‍ നമ്മുടെ കാമുകന് എന്നോട് കലിപ്പായി

“പോടാ പോടാ... ഇതു അവള്‍ തന്നെ എഴുതിയതാ.. എനിക്കുറപ്പാ. നീ കൈയ്യക്ഷരം നോക്ക് . ഇതു ഒരു പെണ്‍കുട്ടിയുടെ കൈയ്യക്ഷരം തന്നെ (ഞാന്‍ ഞെട്ടി). ഡാ.. അസൂയ പാടില്ല. ഒന്നു സ്വന്തമാക്കി അഭിമാനിക്കാന്‍ നോക്കൂ... അല്ലേലും നിനക്കൊന്നും ഇത് പറഞ്ഞിട്ടില്ല”

“നിനക്ക് അത്രക്ക് ഉറപ്പാണേല്‍ നീ ശനിയാഴ്ച പോയി അവളോട് സംസാരിക്കൂ.. കൂട്ടിന്‍ വേണേല്‍ ഞാനും വരാം” ഞാന്‍ പറഞ്ഞു.

“എനിക്ക് ഒരാളുടേയും കൂട്ട് വേണ്ടാ.മാത്രമല്ല ഞങ്ങള്‍ക്ക് പലതും പറയാനുണ്ടാകും. അതോണ്ട് നീ വരണ്ട മോനെ . ഞാന്‍ ഒറ്റക്ക് പൊയ്ക്കോളാം”
“ശരി . ഞാന്‍ വരുന്നില്ല. നീ ഒറ്റക്ക് തന്നെ പൊയ്ക്കോ..”. അങ്ങിനെ ശനിയാഴ്ച വന്നെത്തി.10 മണിക്കാണല്ലോ കൂടികാഴ്ച. ഞാനും സജീവനും കൂടി ഏകദേശം ഒരു 10 മണിയായപ്പോല്‍ മനോജിന്റെ വീട്ടിലെത്തി. കക്ഷി പോയോ എന്നറിയണമല്ലോ.
“മനോജില്ലേ ...? “ മനോജിന്റെ അമ്മയോട് ഞാന്‍ ചോദിച്ചു.
“അവന്‍ ഒരു 9 മണിയായപ്പോള്‍ ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോണമെന്നും പറഞ്ഞു ഇറങ്ങിയതാ..“മനോജിന്റെ അമ്മ പറഞ്ഞു.
അപ്പോള്‍ സംഗതി ഏറ്റു. ഞങ്ങള്‍ അന്നു വൈകുന്നേരമാകാന്‍ കാത്തിരുന്നു. ഒരു 7 മണിയോടെ നമ്മുടെ അവശ കാമുകന്‍ എത്തി.
“ഡാ.. എന്തായി ..എന്തായി.. അവള്‍ വന്നോ? എന്തു പറഞ്ഞു? “എല്ലാവരും അവന്റെ മേല്‍ ചാടി വീണു.

“ഹോ... ഒന്നും പറയണ്ട മക്കളെ... ഇന്നൊരു സുദിനമായിരുന്നു മോനെ... അവള്‍ക്ക് എന്നോട് ഇത്ര ഇഷ്ടമാണെന്നു ഞാനൊരിക്കലും വിചാരിച്ചില്ല. അവള്‍ പറയാ.. എന്നെ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് അവള്‍ക്ക് ഇഷ്ടമാണെന്ന്. അവളുടെ ഒരു ഫോട്ടോയും തന്നു. പക്ഷേ അതു ഞാന്‍ കാണിച്ചു തരില്ല.”

ഇനി വിട്ടു കൊടുത്താല്‍ പറ്റില്ല. ഇവന്‍ ഓവറാക്കും ഞാന്‍ സജീവനോട് പറഞ്ഞു. ഞാന്‍ പോക്കറ്റില്‍ നിന്നും കത്തിന്റെ കാര്‍ബണ്‍ കോപ്പി പുറത്തെടുത്തു. എന്നിട്ട് എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു. ഇതുകണ്ട കാമുകന്‍ ഞെട്ടി. അവന്‍ വീണ്ടും അവശകാമുകനായി.ഗായകനായ കാമുകന്‍ അവിടെ ഒരു ഭരണിപ്പാട്ടും നടത്തിയിട്ടാണ് അന്ന് വീട്ടിലേക്ക് പോയത്
ഇതൊരു പഴയ വീഞ്ഞാ.പൊടിപിടിച്ചുകിടന്ന ഈ ബ്ലൊഗൊന്നു പൊടിതട്ടിയെടുക്കാന്‍ പറ്റോന്ന് നോക്കട്ടെ