Monday, May 14, 2007

എന്റെ പാലായനം

2007 ഫെബ്രുവരി ആറാം തിയ്യതി വെളുപ്പിന് 2 മണിക്കാണ് പടഞ്ഞാറേ ആഫ്രിക്കന്‍ പട്ടണമായ കൊണാക്ക്രിയില്‍ ഞാന്‍ 40 ദിവസത്തെ ലീവും കഴിഞ്ഞ് തിരിച്ചെത്തുന്നത്.
വീട്ടില്‍ നിന്നു മൂന്നാം തിയ്യതി പുറപ്പെട്ട ഞാന്‍ ഇവിടെ എത്തുന്നത് ആറാം തിയ്യതിയും. വരുന്ന വഴി ഒരു കണക്ഷന്‍ ഫ്ലൈറ്റ് റദ്ദാക്കിയതിനാല്‍ സെനഗല്‍ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഡക്കാറില്‍ ഒരു ദിവസം തങ്ങേണ്ടതായി വന്നു
എന്റെ സഹപ്രവര്‍ത്തകനായ ശ്രീമാന്‍ കമരാ ഉമറും ഡ്രൈവറായ ഫുര്‍മുവും എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഫുര്‍മു ലഗേജെല്ലാം കാറിനകത്ത് എടുത്തു വച്ചു. രാവിലെ ഓഫീസില്‍ കാണാമെന്നു കമര ഉമറിനോട് പറഞ്ഞ് ഞാന്‍ കാറില്‍ കയറി. എയര്‍പോര്‍ട്ടില്‍ നിന്നു 20 മിനിറ്റ് മതി വീട്ടിലെത്താന്‍. വീട്ടിലെത്തിയപാടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.
പത്തുമണി വരെ കിടന്നുറങ്ങി. പിന്നീട് ഇവിടെയുള്ള വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ വിളിച്ച് വീണ്ടും ഇവിടെ കാലുകുത്തിയ വിവരം അറിയിച്ചു. പതിനൊന്നു മണിയായപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു.
ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം പൊതുവേ മോശമായികൊണ്ടിരുന്ന സമയമായിരുന്നു . ഒരാഴ്ച മുന്‍പ് മാത്രമാണ് ഇരുപതു ദിവസം നീണ്ടുനിന്ന രാജ്യവ്യാപകമായ സമരം അവസാനിച്ചത്. ഇവിടുത്തെ സമരമെന്നാല്‍ നമ്മുടെ നാട്ടിലെ ഹര്‍ത്താലിന്റെ മറ്റൊരു രൂപം തന്നെ. എല്ലാ മേഖലകളും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം!!!.
ഇപ്പോല്‍ നിലവിലുള്ള പ്രധാനമന്ത്രിയെ മാറ്റി സമരം ചെയ്യുന്ന സംഘടന നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ പ്രധാനമന്ത്രിയാക്കണമെന്നാതാണ് സംഘടനകളുടെ ആവശ്യം. ആ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് കഴിഞ്ഞ ആഴ്ച സമരം പിന്‍വലിച്ചത്.
ഓഫീസില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഏത് നിമിഷവും സമരം പുനരാരംഭിക്കുമെന്ന്!!!. കാരണം ഇതുവരേയും സര്‍ക്കാര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചിട്ടില്ല.
രണ്ട് ദിവസം കുഴപ്പമില്ലാതെ കഴിഞ്ഞുപോയി. വെള്ളിയാഴ്ചയാണ് അറിയാന്‍ കഴിഞ്ഞത്, തിങ്കള്‍ മുതല്‍ വീണ്ടും സമരം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന്!!!.

സമരം വീണ്ടും ആരംഭിക്കുമെന്നു കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഭയന്നു. കാരണം മറ്റൊന്നുമല്ല... ഞാന്‍ ഒറ്റക്കാണ് താമസം. ഒരു ഇന്ത്യാക്കാരന്‍ പോലും ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ ഇല്ല.
ഏതായാലും തിങ്കളാഴ്ച സമരം ആരംഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വെള്ളിയാഴ്ച ഓഫീസില്‍ നിന്നും വന്നതിനുശേഷം ഞാന്‍ നാളെ വാങ്ങിക്കാനുള്ള സാധനങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കി. ഞാന്‍ ലീവിലായിരുന്നതിനാല്‍ അടുക്കളയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
ശനിയും ഞായറും ഓഫീസ് അവുധിയാണെങ്കിലും മിക്കവാറും ശനിയാഴ്ചകളില്‍ ഞാന്‍ ഉച്ചവരെ ഓഫീസില്‍ പോകാറുണ്ട്.
ആ ശനിയാഴ്ചയും പതിവുപോലെ ഓഫീസില്‍ പോകാന്‍ തയ്യാറായിക്കൊണ്ടിരുക്കുമ്പോളാണ് എന്റെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വരുന്നത്.
“ ബൈജു....സമരം തുടങ്ങി....വാഹങ്ങള്‍ ഒന്നും ഓടുന്നില്ല. മിലിട്ടറി റോഡില്‍ ഇറങ്ങിയിട്ടുണ്ട്. പുറത്തൊന്നും ഇറങ്ങണ്ട.. വീട്ടില്‍ തന്നെ ഇരുന്നോളൂ...”
ദൈവമേ...ചതിച്ചോ....ഇനിയെന്തു ചെയ്യും?......വീട്ടിലാണെങ്കില്‍ അരിയൊഴികെ ബാക്കിയൊന്നും കാര്യമായിട്ടില്ല. ആകെയുള്ളത് ലീവ് കഴിഞ്ഞപ്പോള്‍ കൊണ്ടുവന്ന അച്ചാറും കുറച്ച് അരിപ്പൊടിയും മാത്രമാണ്
ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുക തന്നെ. സമരം തുടങ്ങിയതിനാല്‍ നമ്മുടെ കുക്കിനെ ( അവന്റെ പേരാണ് സുമ) ഈ പ്രദേശത്തേക്ക് ഇനി നോക്കണ്ട...
ദിവസങ്ങള്‍ കഴിയുംതോറും സ്ഥ്തിഗതികള്‍ മോശമായിക്കൊണ്ടിരുന്നു. പുറത്ത് മിലിട്ടറിക്കാരുടെ തോക്കുകളുടെ ഗര്‍ജ്ജനം എനിക്ക് കേള്‍ക്കാമായിരുന്നു. നിരവധി കടകളും പെട്രോള്‍ പമ്പുകളും അക്രമികള്‍ കയ്യേറി. എന്റെ സുഹൃത്തിന്റെ ടൂ വീലര്‍ ഷോപ്പില്‍ നിന്ന് നൂറോളം മോട്ടോര്‍ ബൈക്കുകള്‍ അക്രമികള്‍ കൊള്ളയടിച്ചു. അവന്‍ കരഞ്ഞുകൊണ്ട് ഇത് വിളിച്ച് പറഞ്ഞപ്പോള്‍ അവനെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല.
സമരം എട്ട് ദിവസം പിന്നിട്ടു. ഓരൊ ദിവസവും ഞാന്‍ മാറി മാറി ചോറും അച്ചാറും പിന്നെ അച്ചാറും ചോറും കഴിച്ച് ഒരു പരുവമായി.ഈ എട്ട് ദിവസവും ഞാന്‍ പുറത്തിറങ്ങിയിട്ടില്ല. ഞാന്‍ ലീവിനു പോയ സമയത്ത് എന്റെ ടീ.വി ചാനലിന്റെ സബ്സ്ക്രിപ്ഷന്‍ എക്സ്പയറായിപോയിരുന്നു. അതുകൊണ്ട് ടീ.വി. കാണാമെന്നു വെച്ചാല്‍ അതും നടക്കില്ല.. വീട്ടില്‍ ഉണ്ടായിരുന്നു സി.ഡി. കള്‍ വീണ്ടും വീണ്ടും കണ്ട് ഡയലോഗെല്ലാം കാണാപ്പാഠമായി.
അന്നു വൈകുന്നേരം എന്റെ സഹപ്രവര്‍ത്തകന്‍ എന്നെ ഫോണില്‍ വിളിച്ചു

“ ബൈജു...ഇനിയും ഇവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ല. അതുകൊണ്ട് ബൈജു ഒരു കാര്യം ചെയ്യൂ... നാളെ കുറച്ച് ഇന്ത്യാക്കരുമായി ഒരു ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഫ്രീടൌണിലേക്ക് ( അയല്‍ രാജ്യമായ സിയാറ ലിയോണിന്റെ തലസ്ഥാനമാണ് ഫ്രീടൌണ്‍) പോകുന്നുണ്ട്. ഞാന്‍ എല്ലാ കാര്യങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം തയ്യാറാക്കി വെച്ചോളൂ....സമരം കഴിയുന്നതു വരെ നമ്മുടെ ഫീടൌണ്‍ ഓഫീസില്‍ ജോലി തുടരാം. നാളെ ഉച്ചക്ക് വണ്ടി വരും. തയ്യാറായി ഇരിക്കുക”

ഞാന്‍ വേഗം തന്നെ ഡ്രസ്സും മറ്റു സാധങ്ങളുമെല്ലാം കൂടി ഒരു ബാഗില്‍ റെഡിയാക്കി. പിറ്റേ ദിവസം ഉച്ചയായപ്പോള്‍ വണ്ടി വന്നു. ഞാന്‍ ബാഗുമെടുത്ത് വണ്ടിയില്‍ കയറി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കുറച്ചു മിലിട്ടറിക്കാര്‍ ഞങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ സുരക്ഷക്കായി ഉണ്ടായിരുന്നു.
അങ്ങിനെ എയര്‍പോര്‍ട്ടിലെത്തി. ആദ്യമായി ടിക്കറ്റിലാതെ ഫ്ലൈറ്റില്‍ കയറി!!!.
ഫ്ലൈറ്റ് എന്നുപറഞ്ഞാല്‍ ഒരു ചെറിയ ഫ്ലൈറ്റ്. മൊത്തം പതിനഞ്ചു സീറ്റുകള്‍. പതിനഞ്ചു യാത്രക്കാരും ഇന്ത്യാക്കാരായിരുന്നു. എല്ലാവരും തന്നെ ഇവിടുത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഫ്രീടൌണിലോട്ടു പോകുന്നവരായിരുന്നു.
രണ്ട് പൈലറ്റുമാരാണ് ഈ എയര്‍ക്രാഫ്റ്റില്‍ ഉണ്ടായിരുന്നത്. കോക്ക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലവും ഒരു കര്‍ട്ടന്‍ കൊണ്ടാണ്‍ മറച്ചിരുന്നത്. അങ്ങിനെ യാത്ര ആരംഭിച്ചു.
ചെറിയ ഫ്ലൈറ്റ് ആയതിനാല്‍ വളരെ താഴ്ന്നാണ് ഇത് പറന്നിരുന്നത്. സൈഡ് വിന്‍ഡോയിലൂടെ താഴോട്ടു നോക്കിയാല്‍ ഫ്ലൈറ്റിന്റെ നിഴല്‍ എനിക്ക് കടലില്‍ വ്യക്തമായി കാണാമായിരുന്നു!!!.
അവസാനം ഫ്ലൈറ്റ് ഫ്രീടൌണിലെ ലുന്‍ഗി എയര്‍പോര്‍ട്ടില്‍ എത്തിചേര്‍ന്നു. എല്ലാ യാത്രക്കാരും രണ്ടു പൈലറ്റുമാര്‍ക്കും ഷേക്ക് ഹാന്‍ഡും നല്‍കി നന്ദിയും പറഞ്ഞ് പുറത്തിറങ്ങി.
എയര്‍പോര്‍ട്ടില്‍ നിന്നു മുപ്പത് ദിവസത്തേക്കുള്ള വിസ എന്റെ പാസ്പ്പോര്‍ട്ടില്‍ പതിച്ചു. അതിനുശേഷം ഞാന്‍ എയര്‍പോര്‍ട്ടിനു പുറത്തുകടന്നു.
എന്റെ ഫ്രീടൌണ്‍ ഓഫീസില്‍ നിന്നും അയച്ച ഡ്രൈവര്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു. ഈ എയര്‍പോര്‍ട്ട് ഒരു ദ്വീപിലാണ് സ്ഥ്തിചെയ്യുന്നത്. കടലിലൂടെ ബോട്ടില്‍ ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിക്കണം ടൌണിലെത്താന്‍ . ടൌണിലെത്താന്‍ ആദ്യം ഇവിടെ ഹെലിക്കോപ്റ്റര്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. പക്ഷേ അതു യന്ത്ര തകരാറു മൂലം ഇപ്പോള്‍ കട്ടപ്പുറത്താണ്.
എയര്‍പോര്‍ട്ടില്‍ നിന്നും മുപ്പത് മിനിറ്റു കൊണ്ട് ഞാന്‍ ഫെറിയെലെത്തി. ബോട്ട് പുറപ്പെടാറായിരിന്നു.
അത്രയും വലിയ ഒരു ബോട്ട് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു. ആ ബോട്ടിന് മൂന്ന് നിലകളുണ്ടായിരുന്നു. ഏറ്റവും അടിയലത്തെ നില വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനായിരുന്നു. രണ്ടാമത്തെ നിലയില്‍ ശീതളപാനീയങ്ങളും ബിയറും മറ്റും വിളമ്പുന്ന ഒരു റസ്റ്റോറന്റ്. മൂ‍ന്നാമത്തെ നിലയില്‍ യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങള്‍.
ആ ബോട്ട് യാത്ര എന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു. ഞാന്‍ ആദ്യമായിട്ടായിരുന്നു കടലിലൂടെ യാത്ര ചെയ്യുന്നത്
ഞാന്‍ എന്തെങ്കിലും കുടിക്കാം എന്നു കരുതി റസ്റ്റോറന്റിലേക്ക് പോയി. അവിടം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ടി.വി.യിലൂടെ വന്നിരുന്ന ആഫ്രിക്കന്‍ ഡാന്‍സിന്റെ ശബ്ദം റസ്റ്റോറന്റ് മുഴുവന്‍ കേള്‍ക്കാമായിരുന്നു.
ഞാന്‍ ബില്ല് പേ ചെയ്ത് മൂന്നാമത്തെ നിലയിലേക്ക് പോയി. അവിടെനിന്നും ചുമന്നു തുടുത്ത അസ്തമന സൂര്യനെ നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല.
അവസാ‍നം ബോട്ട് ലക്ഷ്യസ്ഥലത്തെത്തിച്ചേര്‍ന്നു. ഞാന്‍ വണ്ടിയില്‍ കയറി. പതിനഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഞങ്ങളുടെ ഫ്രീടൌണ്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു.
അങ്ങിനെ എന്റെ ഫ്രീടൊണ്‍ യാത്ര അവിടെ ആരംഭിച്ചു!!!.

Wednesday, May 9, 2007

പൂച്ചക്ക് മണികെട്ടിയവന്‍

ബാബുമണിയെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ പൈങ്ങോട്ടില്‍?
ഇല്ല....ഉണ്ടാകില്ല

ബാബുമണി കൈവെയ്ക്കാത്ത തൊഴില്‍ മേഖലകള്‍ ഇല്ല എന്നു തന്നെ പറയാം. എല്ലാ രംഗങ്ങളിലും പയറ്റി തെളിഞ്ഞവനാണ് കക്ഷി.
പൈങ്ങോട്ടിലെ തൊഴിലില്ലാത്ത എത്രയോ ചെറുപ്പക്കാര്‍ക്ക് ജോലി സംഘടിപ്പിച്ചുകൊടുത്ത ഒരു വിശാല ഹൃദയനാണ് നമ്മുടെ ഈ നായകന്‍. സി.കെ.കെ. യില്‍ ജോലി ചെയ്യുന്ന സുഭാഷും, ഇപ്പോള്‍ ഇരിങ്ങാലക്കുട കോടതിയില്‍ പണി കിട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിനു വരെ നിയമ വശങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ താനാളായി എന്നു സ്വയം അഹങ്കരിച്ചു നടക്കുന്ന ശ്രീകുമാറും, ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രമേശനുമൊക്കെ ഒരു കാലത്ത് ബാബുമണി തരപ്പെടുത്തികൊടുത്തിരുന്ന ജോലി ചെയ്തിരുന്നവരില്‍ ചിലര്‍ മാത്രമാണ്
ബാബുമണി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇവിടെ പറയുന്ന സംഗതി നടക്കുന്നത്. വീടും, കുഞ്ഞുവറീതു ചേട്ടന്റെ റേഷന്‍ കടയും,സ്കൂളും, ഘണ്ഠാകര്‍ണ്ണ ക്ഷേത്രവും മാത്രമായിരുന്നു അന്നു ലവന്റെ ലോകം. ചുരുക്കി പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങളൊഴികെ പൈങ്ങോട്ടിലും ചുറ്റുവട്ടത്തുമുള്ള മറ്റൊരു സ്ഥലവുമായി ഗെഡിക്ക് ബന്ധമുണ്ടായിരുന്നില്ല.
ഒരു ദിവസം എവിടെ നിന്നോ ഒരു പൂച്ച കുട്ടി കക്ഷിയുടെ വീട്ടില്‍ വന്നുപ്പെട്ടു.വീട്ടിലുള്ള എലികളെ തുരത്താന്‍ ഈ കമാന്‍ഡോ സഹായിക്കുമെന്നു വീട്ടുകാരും കരുതി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പൂച്ച തന്റെ തനി സ്വഭാവം കാണിച്ചു തുടങ്ങി. എല്ലാ ഭക്ഷണ സാധനങ്ങളും അവ തയ്യാറാക്കുന്ന പാത്രത്തില്‍നിന്നും നേരിട്ട് രുചിച്ചു നോക്കുന്ന പണി നമ്മുടെ ഈ പൂച്ചന്‍ ഏറ്റെടുത്തു. വീട്ടുകാര്‍ വലഞ്ഞു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ
ഇതിനെ എത്രയും പെട്ടെന്ന് നാടുകടത്തിയില്ലെങ്കില്‍ ശരിയാവില്ല എന്നു മനസ്സിലാക്കിയ ബാബുമണിയുടെ പിതാജി ഒരു ദിവസം രാത്രി ഈ പൂച്ചനെ കല്ലേരിപ്പാടത്തു ( ഈ ബ്ലോഗിന്റെ ടൈറ്റിലില്‍ നിങ്ങള്‍ കാണുന്ന ചിത്രം പൈങ്ങോട്ടിലെ കല്ലേരിപ്പാടത്തിന്റേതാണ്) കൊണ്ടു ചെന്നു വിട്ടു. ഒരു മാരണത്തെ ഒഴിവാക്കി എന്ന ആശ്വാസത്തില്‍ പിതാജി വീട്ടിലേക്കു നടന്നു.
പിറ്റേന്നു നേരം വെളുത്തു. പല്ലു തേച്ചു മുഖം കഴുകാനായി കിണറ്റിന്‍ കരയില്‍ ചെന്ന ബാബുമണിയാണ് അത് കണ്ടത്. അതാ...നമ്മുടെ നാടുകടത്തിവിട്ട പൂച്ച വീടിന്റെ ചുമരിനരികിലായി അടക്കുവെച്ചിരിക്കുന്ന വിറകിന്റെ അടിയില്‍ കിടന്നു സുഖമായുറങ്ങുന്നു.ബാബുമണി ഒരു കല്ലെടുത്തു പൂച്ചക്കിട്ട് ഒരേറ് കൊടുത്തു. കൃത്യമായി അതു കൊള്ളുകയും ചെയ്തു.
“ഹോ...ഇന്നലെ നേരം വൈകി കിടന്നതുകാരണം ഉണരാന്‍ വൈകി. കല്ലെറിഞ്ഞ് ഉണര്‍ത്തിയതിന് നന്ദി ഗെഡി” എന്നും പറഞ്ഞ് പൂച്ച തന്റെ ജോലിയാരംഭിക്കാനായി അടുക്കളയിലേക്ക് നടന്നു.
അന്നു ശനിയാഴ്ച ആയതിനാല്‍ ബാബുമണിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പൂച്ചയെ അന്നു തന്നെ നാടുകടത്തേണ്ട ഡ്യൂട്ടി അവനില്‍ വന്നു ചേര്‍ന്നു.
“ഡാ....ഇവിടെ അടുത്തൊന്നും കൊണ്ടുകളയണ്ടാ...അതു പിന്നേയും തിരിച്ചു വരും. അതുകൊണ്ട് ദൂരെ എവിടേലും കൊണ്ടു പോയി കളയണം ... ആരും കാണാതെ വേണം കളയാന്‍ “ ...അച്ഛന്‍ നിര്‍ദ്ദേശം കൊടുത്തു.
ഉച്ചയൂണും കഴിഞ്ഞ് ബാബു പൂച്ചയെ ഒരു സഞ്ചിയിലാക്കി തന്റെ നടരാജ് മോട്ടോഴ്സ് സ്റ്റാര്‍ട്ട് ചെയ്തു.
എവിടെ ഈ സാധനത്തിനെ കൊണ്ടു കളയും എന്നു ചിന്തിച്ചുകൊണ്ട് ബാബു അങ്ങിനെ സഞ്ചിയും പിടിച്ചുകൊണ്ട് നടക്കുകയാണ്. ആരും കാണാതെ വേണമല്ലോ ഇതിനെ കളയാന്‍. അതുകൊണ്ട് പുള്ളി പല ഇടവഴികളിലൂടേയും നടന്ന് നടന്ന് അവസാനം ആരും ഇല്ലാത്ത ഒരു സ്ഥലത്തെത്തി. സഞ്ചിയില്‍നിന്നു പൂച്ചയെ പുറത്തെടുത്തു തൊട്ടടുത്ത വേലിക്കരികില്‍ വെച്ചു. പെട്ടെന്നാണ് ബാബുവിനെ ബോധോദയമുണ്ടായത്....ഞാനിത് എവിടെയാണ് എത്തിയിരിക്കുന്നത്?...പൂച്ചയെ കളയുക എന്ന ലക്ഷ്യം മാത്രമേ ബാബുവിന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ..ആ ലക്ഷ്യം വെച്ചു കൊണ്ട് നടന്നു നടന്നു ഏതൊക്കെ വഴിയിലൂടെയാണു ഇവിടെ എത്തിപ്പെട്ടതെന്നു ബാബു മറന്നു. അന്നാദ്യമായാണ് ബാബു ഈ സ്ഥലത്തേക്ക് വരുന്നത്. വീട് വിട്ടാല്‍ സ്ക്കൂള്‍, സ്ക്കൂള്‍ വിട്ടാല്‍ വീട്...അതായിരുന്നു ബാബുവിന്റെ ലോകം.
പൂച്ചയെ ദൂരെ കളഞ്ഞില്ലെങ്കില്‍ പിതാജിയുടെ കയ്യില്‍ നിന്നും കിട്ടിയേക്കാവുന്ന അടിയെകുറിച്ച് ഓര്‍ത്തപ്പോള്‍ കൊണ്ടു പിടിച്ചു നടന്നതാണ് . തിരിച്ചു പോകാനുള്ള വഴിയും അറിയില്ല...
ഇനി എന്തു ചെയ്യും....ബാബു ചിന്തിച്ചു ... ആരേയും കാണുന്നുമില്ല. മൂപ്പര്‍ക്ക് ലേശം പേടി തോന്നാതിരുന്നില്ല.
വൈകുന്നേരമായിട്ടും ബാബുവിനെ കാണാഞ്ഞ് വീട്ടുകാര്‍ ആകെ പേടിച്ചു. പൂച്ചയെ കൊണ്ടുകളയാന്‍ ഉച്ചക്ക് പോയ ബാബു വൈകീട്ട് ഇത്രയുന്‍ നേരമായിട്ടും തിരിച്ചുവന്നിട്ടില്ല.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ബാബുവിന്റെ പിതാജി റോഡിലേക്ക് കണ്ണുംനട്ടിരിക്കുന്ന വീട്ടുകാരെയാണ് കണ്ടത്.
ഇവനെ ഇനി എവിടെ പോയി അന്വേഷിക്കും... എവിടെയാണു ബാബു പൂച്ചയെ കൊണ്ട് കളയാന്‍ പോയതെന്നു ആര്‍ക്കും അറിയില്ലതാനും.
അങ്ങിനെ എല്ലാവരും വിഷമിച്ചു റോഡിലേക്ക് നോക്കിയിരിക്കുമ്പോഴതാ ബാബു വരുന്നു.ബാബുവിന് വഴികാട്ടിയായി പൂച്ച മുന്നിലും!!!

Thursday, May 3, 2007

വടികൊടുത്തൊരു അടി

ആദ്യമായ് ഇതില്‍ അണിനിരക്കുന്ന കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടാം
ശ്രീജു എന്ന ശ്രീജിത്ത്: ഈ ഭൂലോകത്ത് ഒരു ഭൂഖണ്ഠത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച മഹാന്‍. മനസ്സിലായില്ലേ? ഇദ്ദേഹത്തിന്റെ ഇരട്ടപ്പേരാണ് യൂറോപ്പ്. എന്താണിങ്ങനെയൊരു പേരെന്നു ചോദിച്ചാല്‍ ഈ ഗെഡിക്ക് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തലാ പണി. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആശാന്‍ പറയും...”സംഭവമൊക്കെ ശരി.. പക്ഷേ യൂറോപ്പിലങ്ങിനെയല്ല” എന്ന്...അതുകൊണ്ട് സുഹൃത്തുക്കള്‍ ഇട്ട ഇരട്ടപേരാണ് യൂറോപ്പ്. സ്നേഹം കൂടുമ്പോള്‍ അവര്‍ യൂറോ..... എന്ന് വിളിക്കും. കക്ഷി അല്പസ്വല്പമൊക്കെ വായിക്കും. പൈങ്ങോട്ടില്‍ ജാട കാണിക്കാനായി ലവന്‍ തൃശ്ശൂര്‍ പബ്ലിക് ലൈബ്രറിയില്‍ അംഗത്വമെടുത്ത കാര്യം നാ‍ലാളെ കാണുമ്പോള്‍ കൂടെ കൂടെ പറയും

രാജന്‍: പൈങ്ങോട് സമാജം (അംഗന്‍ വാടി) പരിസരത്തെ പ്രധാന നായകരില്‍ ഒരാള്‍. സുഹൃത്തുക്കളെ പറ്റിക്കാന്‍ ( എന്നുവെച്ചാല്‍ ഒരു പണി കൊടുക്കാന്‍) കിട്ടുന്ന ഒരവസരവും പാഴാക്കാത്ത പരോപകാരി

മണികണ്ഠന്‍ : കലാഭവന്‍ മണികണ്ഠന്‍ എന്ന് മുഴുവന്‍ പേര്‍.അതേ... നമ്മുടെ കൊച്ചിന്‍ കലാഭവന്‍ തന്നെ. പൈങ്ങോട്ടില്‍ നിന്നു കലാഭവനില്‍ എത്തിപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ (മറ്റേയാള്‍ കലാഭവര്‍ ജോഷി).മണികണ്ഠന്‍ ഇപ്പോല്‍ കലാഭവനില്‍ ഇല്ല. കലാഭവന്‍ മണിയുടെ ആദ്യകാല പല ഹിറ്റ് കാസറ്റുകളുടേയും രചന നിര്‍വ്വഹിച്ചിരിക്കുന്നത് നമ്മുടെ ഈ മണികണ്ഠനാണ്. ഈ മാന്യ ദേഹവും രാജനെപ്പോലെത്തന്നെ സുഹൃത്തുക്കള്‍ക്ക് പണി കൊടുക്കുന്നതില്‍ മുമ്പന്‍

ഈ സംഭവം നടക്കുന്നത് ഒരു ഡിസംബര്‍ മാസത്തിലാണ്
നമ്മുടെ ശ്രീജൂന്റെ കയ്യില്‍നിന്നും കോവൂരിന്റെ ഒരു കൃതി വായിക്കാനായി മണികണ്ഠന്‍ വാങ്ങിച്ചിരിന്നു. പിന്നീട് പുസ്തം മണികണ്ഠന് കൊടുത്ത കാര്യം ശ്രീജു മറന്നു പോയി.
ഒരു ദിവസം ശ്രീജൂനെ കണ്ടപ്പോള്‍ രാജന്‍ ഈ പുസ്തകം തനിക്കൊന്നു വായിക്കാന്‍ വേണമെന്നു പറഞ്ഞു.
“അയ്യോ... ഞാനത് മണികണ്ഠന് കൊടുത്തിട്ടു കുറച്ചു നാളായി. ഞാനത് മറന്നു. ഇതുവരെ ആളത് തിരിച്ചു തന്നിട്ടില്ല. “
ഇതു കേട്ടതും രാജന്റെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി. ഒരു വെടിക്ക് രണ്ടു പേര്‍ക്കും ഒരു പണി കൊടുക്കാനുള്ള സന്ദര്‍ഭം.
“ടാ ശ്രീജു...നീയല്ലാതെ അവനു പുസ്തകം കൊടുക്കോ?.... ഇനിയത് കിട്ടാന്‍ പോണില്ല... എന്റെ എത്ര പുസ്താ അവന്‍ കൊണ്ടോയി കളഞ്ഞേക്കണേ..(വെറുതെ ഡയലോഗ് വിട്ടതാ!!!)“
“ യ്യോ...അതു തൃശ്ശൂര്‍ പബ്ലിക് ലൈബ്രറിയിലെ ബുക്കാ..(ഇത് അവന്റെ സ്വന്തം ബുക്ക് തന്നെ. പബ്ലിക് ലൈബ്രറി വിഷയം ഒരു ജാടക്ക് എടുത്തിട്ടതാ)...അറുനൂറു രൂപേടേ ബുക്കാ..”
“നിനക്കു പുസ്തകം വേണമെന്നുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യൂ.. ഇപ്പോള്‍ മണികണ്ഠന്‍ വീട്ടിലുണ്ടാവില്ല. അവന്‍ രാത്രിയേ വരൂ. നാളെ രാവിലെ അവന്‍ തിരുവനന്തപുരത്തിനു പോവുകേം (കല്ലു വെച്ച നുണ..) ചെയ്യും. എന്നോട് ഇന്നലെ പറഞ്ഞിരുന്നു. അതുകൊണ്ട് നാളെ രാവിലെ തന്നെ പോയാല്‍ നിനക്കു ഭാഗ്യം ഉണ്ടേള്‍ ബുക്ക് കിട്ടും”... രാജന്‍ ചൂണ്ടയില്‍ ഇരയിട്ടു
“ഓഹോ..എങ്കില്‍ ഞാന്‍ നാളെ രാവിലെ തന്നെ പോയി വേടിക്കാം”
ശ്രീജുവിന്റെ വീട്ടില്‍നിന്നും ഏകദേശം ഒരു രണ്ടു കിലോമീറ്റര്‍ ദൂരം വരും മണികണ്ഠന്റെ വീട്ടിലേക്ക്. പിറ്റേന്ന് രാവിലെ ആറുമണിയായപ്പോള്‍ ശ്രീജു തന്റെ യമഹായില്‍ ( ഹെര്‍ക്കുലീസ് സൈക്കിള്‍) മണികണ്ഠന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു.ഡിസംബര്‍ മാസമായതിനാല്‍ നല്ല മരംകോച്ചുന്ന തണുപ്പായിരുന്നു. തലയില്‍ ഒരു മഫ്ലറും ഒരു കമ്പിളി കൊണ്ടുള്ള ബനിയനും ഇട്ട് നമ്മുടെ യൂറോപ്പ് അങ്ങിനെ സൈക്കിളിള്‍ പോകുന്ന രംഗം ഒന്നു ഭാവനയില്‍ കണ്ടോളൂ...
ഒരു ആറേ ഇരുപത് ആയപ്പോള്‍ ആശാന്‍ മണികണ്ഠന്റെ വീട്ടിലെത്തി.
“മണികണ്ഠാ....മണികണ്ഠാ....മണികണ്ഠനില്ലേ......” ആശാന്‍ കൂവി വിളിച്ചു
ആരാണീ തണുത്ത കൊച്ചു വെളുപ്പാന്‍ കാലത്തു വീട്ടില്‍ വന്നു മണികണ്ഠാ എന്നു വിളിക്കുന്നതെന്നറിയാന്‍ മണികണ്ഠന്റെ അമ്മ വാതില്‍ തുറന്നു.
തലയില്‍ മഫ്ലറും കമ്പിളി ബനിയനും പുതച്ചു നില്‍ക്കുന്ന പ്രതിഭാസത്തോട് , “ആരാ...എന്താ?” എന്നാരാഞ്ഞു...
“ മണികണ്ഠനില്ലേ...ഒരത്യാവശ്യ കാര്യം പറയാന..”
“അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ പത്തുമണിയാകും. അത്യാവശ്യമാണേല്‍ ചെന്നു വിളിച്ചോ”

വേഗം തന്നെ ശ്രീജു വീടിനകത്തു കയറി. പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കുകയായിരുന്ന മണികണ്ഠനെ തട്ടിവിളിച്ചു.
“മണികണ്ഠാ....മണികണ്ഠാ....“
ആരാണീ മാരണം എന്നറിയാന്‍ മണികണ്ഠന്‍ ഒരു കണ്ണു പതുക്കെ തുറന്നു.യൂറോപ്പ്...ഇവന്‍ എന്താ ഈ നേരത്ത്.അപ്പോഴാണ് തലേദിവസം വൈകുന്നേരം രാജന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്
“നാളെ രാവിലെ നിന്നെ കാണന്‍ ഒരാള്‍ വരും..ഞാന്‍ ഏര്‍പ്പാടാക്കിയതാ....” . എത്ര ചോദിച്ചിട്ടും ആരാണെന്നും എന്താ കാര്യമെന്നും അവന്‍ പറഞ്ഞതുമില്ല..
എന്തായാലും ഉറക്കം പോയി. മണികണ്ഠന്‍ എഴുന്നേറ്റു ശ്രീജുവിനോട് കാര്യം തിരക്കി.
“ഓഹൊ..നീയാ പുസ്തകം വേടിക്കാനാ ഈ വെളുപ്പിനെ കെട്ടിയെഴുന്നിള്ളിയതു?....മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഇറങ്ങിക്കോളും ഓരോന്ന് രാവിലെ തന്നെ” ഇതും പറഞ്ഞു കോവൂരിനെയെടുത്തു യൂറോപ്പിനു കൊടുത്തു. കൂടാതെ യൂറോപ്പ് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ രണ്ടു ഓണേഷും കാച്ചി.
കുറച്ചു ഓണേഷ് കേട്ടങ്കിലെന്താ... തന്റെ കോവൂരിനെ കിട്ടിയില്ലേ എന്ന സന്തോഷത്തില്‍ ശ്രീജു തന്റെ യമഹായുമെടുത്ത് സ്ഥലം വിട്ടു.
രാവിലെ തനിക്കിട്ടു പണിതന്ന ശ്രീജുവിനെ മണികണ്ഠന്‍ വെറുതേ വിട്ടെന്നാണോ നിങ്ങള്‍ കരുതിയതു? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അന്നുതന്നെ യൂറോപ്പിനുള്ള വടി മണികണ്ഠന്‍ തയ്യാറാക്കി
മൂന്നാലു ദിവസം കഴിഞ്ഞു. അന്നു ഉച്ചക്ക് ശ്രീജുവില്ലാത്ത സമയം നോക്കി മണികണ്ഠന്‍ കക്ഷിയുടെ വീട്ടിലെത്തി
“ശ്രീജുവില്ലേ...? “
ശബ്ദം കേട്ട് ശ്രീജുവിന്റെ അനിയന്‍ വന്നു
“ചേട്ടന്‍ ഇവിടില്ല. തൃശ്ശൂര്‍ക്ക് പോയി. വൈകീട്ടേ വരൂ”
അതെനിക്കറിയാം. അതുകൊണ്ടല്ലേ ഞാനീ സമയം നോക്കി വന്നത് എന്നു മണികണ്ഠന്‍ മനസ്സില്‍ പറഞ്ഞു.
“ ഞാന്‍ ശ്രീജൂന്റെ ഒരു പുസ്തം വാങ്ങിയിട്ടുണ്ടായിരുന്നു. അതു തരാന്‍ വന്നതാ.” ഇതും പറഞ്ഞ് മണികണ്ഠന്‍ തന്റെ കയ്യിലിരുന്ന പുസ്തകം ശ്രീജുവിന്റെ അനിയന്റെ കയ്യില്‍ കൊടുത്തിട്ടു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതുപോലെ മിന്നിമറഞ്ഞു.
“ആരാടാ അവിടെ....” ഇവരുടെ സംഭാഷണം കേട്ടുകൊണ്ട് ശ്രീജുവിന്റെ വെല്ലിശന്‍ (അച്ഛന്റെ ചേട്ടന്‍) പുറത്തേക്ക് വന്നു.
“ ചേട്ടന്റെ പുസ്തം ആ മണികണ്ഠന്‍ വാങ്ങിയിരുന്നു . അതു തരാന്‍ വന്നാത” അനിയന്‍ പറഞ്ഞു
“എവിടെ നോക്കട്ടെ...” ഇതും പറഞ്ഞ് വെല്ലിശന്‍ പുസ്തം വാങ്ങി പുറം ചട്ട നോക്കി.
പുറം ചട്ടയിലെ പുസ്തകത്തിന്റെ പേരു വായിച്ച് വെല്ലിശന്‍ ഞെട്ടി.
സഖിമാരും ഞാനും .....
പുസ്തകത്തിന്റെ പുറത്ത് വലിയ അക്ഷരത്തില്‍ ശ്രീജിത്ത് എന്നു എഴുതാനും മണികണ്ഠന്‍ മറന്നിരുന്നില്ല.
“ അഞ്ഞൂറ് രൂപയും കൊടുത്തു ലൈബ്രറിയില്‍ ചേര്‍ന്നതു ഇത്തരം പുസ്തം വായിക്കാനാണോ ...എവിടെ അവന്‍..ഇങ്ങു വരട്ടെ...”
സംഭവം വീട്ടില്‍ എല്ലാവരും അറിഞ്ഞു. എല്ലാവരും ശ്രീജുവിന്റെ വരവും കാത്തിരുന്നു.
വൈകീട്ട് ശ്രീജു വീട്ടിലേക്ക് വരുന്ന കെ. സി. മൂലയില്‍ വച്ച് മണികണ്ഠനെ കണ്ടു.
“ എവിടെ പോയി ശ്രീജൂ.....” മണികണ്ഠന്‍ ചോദിച്ചു.
“ഞാന്‍ തൃശ്ശൂര്‍ക്കു പോയതാ...പാടത്തു കാണുമല്ലോ അല്ലേ.. ഞാന്‍ വീട്ടില്‍ പോയി ഇപ്പോള്‍ വരാം”
ഇതും പറഞ്ഞു ശ്രീജു വേഗം വീട്ടിലോട്ടു വിട്ടും
“ങും ... ചെല്ല്..ചെല്ല് ...വീട്ടിലോട്ട് ചെല്ല്.. “ മണികണ്ഠന്‍ മനസ്സില്‍ പറഞ്ഞു.
ശ്രീജു വീട്ടിലെത്തി. ഹൊ...പിന്നെ അവിടെ എന്തൊക്കെയാ നടന്നേ...തല്ലൊഴിച്ച ബാക്കി എല്ലാം കിട്ടി.അന്നു വൈകുന്നേരം ഭക്ഷണം കൂടി കഴിക്കേണ്ടി വന്നില്ല.
വീട്ടിലിരുന്നാല്‍ ഭ്രാന്തു പിടിക്കും. അതൊകൊണ്ട് ശ്രീജു വേഗം പുറത്തിറങ്ങി. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ സമ്മേളിക്കാറുള്ള കല്ലേരിപ്പാടത്തേക്ക് സൈക്കിളില്‍ വെച്ചു പിടിച്ചു.
ഇതിനകം അവിടെയെത്തിയ മണികണ്ഠന്‍ സംഭവം അവിടെ ഫ്ലാഷാക്കിയിരുന്നു. വീട്ടില്‍ നിന്നും കിട്ടിയതിന്റെ ബാക്കി പിന്നെ എല്ലാ ഗെഡികളില്‍ നിന്നും കിട്ടി
“പോട്ടെ.. ശ്രീജു... ഇത്രയോക്കെയെ എന്നൊക്കൊണ്ട് ചെയ്യാന്‍ സാധിച്ചുള്ളൂ...നീ ഷമി...”
മണികണ്ഠന്‍ പറഞ്ഞു...
“ ഒരു രാത്രി കൊണ്ടൊന്നും നേരം വെളുക്കില്ലാ മണികണഠാ... എനിക്കും കിട്ടും അവസരം” എന്നു ചുമ്മാ രണ്ട് ഡയലോഗ് ശ്രീജുവും വിട്ടു.
പിന്നെ കുറേ കാലത്തേക്ക് ശ്രീജൂനെ കാണുമ്പോല്‍ പിള്ളേര്‍....”ശ്രീജു...എനിക്കൊരു ബുക്കു വേണം.. സഖിമാരും ഞാനും... നിന്റെ കയ്യില്‍ ഉണ്ടോ...?” എന്നായി ചോദ്യം.