Thursday, July 5, 2007

കാമറൂണിനു പറ്റിയ തെറ്റ്

ഞാനിപ്പോള്‍ ഇവിടെ പറയാന്‍ പോകുന്ന സംഭവം പൈങ്ങോട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും അതീ ബ്ലോഗ് വഴി ലോകം മുഴുവന്‍ പാട്ടാക്കി എന്ന് ഈ സംഭവത്തിലെ നായകന്‍ അറിഞ്ഞാല്‍ എന്റെ തടി കേടാകും എന്ന പൂര്‍ണ്ണ ബോധ്യം ഉള്ളതുകൊണ്ട് ഈ കഥയിലെ നായകന്റെ യഥാര്‍ത്ഥ പേര് ഞാനിവിടെ പറയുന്നില്ല

ജെയിംസ് കാമറൂണിന്റെ പ്രശ്സ്തമായ ടൈറ്റാനിക് സിനിമ റിലീസായ സമയം. സിനിമയേക്കുറിച്ചും പടത്തിലെ നായികയായ കേറ്റ്വിന്‍‌സ്‌ലെറ്റിനെക്കുറിച്ചും കേട്ടറിഞ്ഞ പൈങ്ങോട്ടിലെ ചെറുപ്പക്കാര്‍ക്ക് ആ പടം കാണാതെ ഉറക്കം വരില്ലെന്ന അവസ്ഥയായി.

എല്ലാ പുതിയ പടങ്ങളും കൊടുങ്ങലൂരിലെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാറുണ്ടെങ്കിലും ടൈറ്റാനിക് കൊടുങ്ങലൂരില്‍ റിലീസ് ഉണ്ടായിരുന്നില്ല. തൃശ്ശൂര്‍ രാഗം തിയ്യേറ്ററിലാണ് പടം കളിച്ചിരുന്നത്.
ഒരു ശനിയാഴ്ച വൈകുന്നേരം അന്നുണ്ടായിരുന്ന മുദ്ര ക്ലബ്ബില്‍ വെച്ച് ക്യാരംസ് കളിക്കുന്നതിനിടയിലാണ് നാളെ തൃശ്ശൂര്‍ രാഗത്തില്‍ ടൈറ്റാനിക് കാണാന്‍ പോയാലോ എന്ന് ആരോ ചോദിച്ചത്. അങ്ങിനെ ഞായറാഴ്ച പടം കാണാന്‍ പോകാമെന്ന കാര്യം അപ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടു.
ഞായറാഴ്ച രാവിലെ തന്നെ ഒരു സംഘം പൈങ്ങോടന്മാര്‍ തൃശ്ശൂര്‍ രാഗത്തിലേക്ക് വെച്ചുപിടിച്ചു. രാഗത്തിലെ 70 എം.എം. ഡോള്‍ബി ഡിജിറ്റലില്‍ ടൈറ്റാനിക്ക് സിനിമ കാണാന്‍ യുവാക്കളുടെ പ്രളയമായിരുന്നു.

കൊടുങ്ങല്ലൂര്‍ കാളീശ്വരിയിലേയും മുഗള്‍ തിയ്യേറ്ററിലേയും വീതികുറഞ്ഞ ടിക്കറ്റ് കൌണ്ടറുകളില്‍ ടിക്കറ്റെടുത്തു തഴക്കവും പഴക്കവും വന്ന പൈങ്ങോടന്‍സിന് ടിക്കറ്റ് കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല

പടം തുടങ്ങി. സിനിമയിലെ ഒരു ചെറിയ ഡയലോഗു പോലും തങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന ഭാവത്തില്‍ ഓരോ പൈങ്ങോടനും സിനിമ കാണുകയാണ് (ഇംഗ്ലീഷ് ഭാഷ കണ്ടുപിടിച്ചവനെ അപ്പോള്‍ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അയാ‍ളുടെ കഥ അവിടെ കഴിഞ്ഞേനെ)

വൃദ്ധയായ നായിക തന്റെ യൌവ്വനകാലത്തെ ടൈറ്റാനിക് യാത്രയെക്കുറിച്ച് അനുസ്മരിക്കുന്നതും പിന്നീട് വൃദ്ധയായ നായികയുടെ യൌവ്വന കാലം അവതരിപ്പിച്ച കേറ്റ് വിന്‍സ്‌ലെറ്റിനേയും കണ്ട് പൈങ്ങോടന്‍സിന്റെ മനം കുളിര്‍ത്തു
മൂന്ന് മൂന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല. പൈങ്ങോട്ടില്‍ നിന്നും ആദ്യമായി ടൈറ്റാനിക് കണ്ടവരെന്ന നെഗളിപ്പോടെ ഈ സംഘം വൈകീട്ട് പൈങ്ങോട്ടില്‍ തിരിച്ചെത്തി.
പടം കാണാന്‍ പോകാന്‍ സാധിക്കാത്ത പാവങ്ങള്‍ ഈ ടീമിന്റെ വരവും കാത്ത് കല്ലേരിപാടത്തെ കലുങ്കില്‍മേല്‍ കാത്തിരിപ്പുണ്ടായിരുന്നു

പടം കാണാത്തവര്‍ക്കുള്ള വിവരണം പടം കണ്ട ഓരോരുത്തരും അവരവരുടേതായ രീതിയില്‍ നല്‍കികൊണ്ടിരുന്നു

“ ഹോ.....ന്റെഷ്ടാ...എന്താ മോനെ പടം....സിനിമയായല്‍ ഇങ്ങിനെ വേണം...പിന്നെ വിന്‍സ്‌ലെറ്റ്....കാമറൂണിനെ സമ്മതിക്കണം’‘

ഇങ്ങിനെ ഓരോരുത്തരും പല രീതിയിലുള്ള വിവരണങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ചാമ്പികൊണ്ടിരുന്നു.

അപ്പോഴാണ് അതുവരെ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്ന പടം കണ്ടവരുടെ കൂട്ടത്തിലെ ഒരുത്തന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞത്

“ ഡാ...പിള്ളാരെ...നിര്‍ത്തെടാ ഡയലോഗ്....പടം കണ്ടു ഒന്നും മനസ്സിലാകാതെ ഇരുന്നു ഡയലോഗ് വിടുന്നൂ...ഒരു സിനിമ കാണുമ്പോള്‍ നമ്മുടെ ശ്രദ്ധ ആ സിനിമയില്‍ മാത്രമായിരിക്കണം. എന്നാലേ നമ്മുക്ക് സിനിമ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.നിങ്ങളെല്ലാരും കുറേ നേരമായല്ലോ സിനിമയെ പൊക്കി പറയുന്നു. നിങ്ങളിലാര്‍ക്കെങ്കിലും ഈ സിനിമയില്‍ കാമറൂണിനു പറ്റിയ ഒരു ഗംഭീര തെറ്റ് മനസ്സിലാക്കാന്‍ കഴിഞ്ഞോ?

“കാമറൂണിനു തെറ്റുപറ്റിയെന്നോ? എന്തു തെറ്റ് ? “ പടം കണ്ട എല്ലാരുംകൂടി ചോദിച്ചു...

സംഭവത്തിലെ നായകന്‍ ഒന്ന് എയര്‍ പിടിച്ച് ശബ്ദം ഒന്നു ഡോള്‍ബിയാക്കി മറുപടി പറഞ്ഞു
“ അതാ പറഞ്ഞത് സിനിമ കാണുമ്പോള്‍ ശ്രദ്ധിച്ചു കാണണമെന്ന്. സംഭവം കാമറൂണ്‍ പടം തെറ്റില്ലാത്ത രീതിയില്‍ എടുത്തിട്ടുണ്ട്. പക്ഷേ കാമറൂണ്‍ ഒരു പ്രധാന കാര്യം പറയാന്‍ വിട്ടു പോയി”

“ എന്തു കാര്യം“ എല്ലാരും ആകാക്ഷയോടെ ചോദിച്ചു

“സിനിമയുടെ തുടക്കത്തില്‍ ഒരു തള്ളച്ചിയെ കാണിക്കുന്നുണ്ടല്ലോ.. അവരാണല്ലോ നമ്മുടെ വിന്‍സ്‌ലെറ്റിനെക്കുറിച്ച് പറയുന്നത്..പക്ഷേ ആ തള്ളച്ചിക്ക് ഈ വിന്‍സ്‌ലെറ്റിനെക്കുറിച്ച് എങ്ങിനെ അറിയാം..അത് സിനിമയുടെ ഒരു ഭാഗത്തും പറയുന്നില്ല...ഞാന്‍ പടം ശ്രദ്ധിച്ചു കണ്ടതുകൊണ്ടാണ് കാമറൂണിനു പറ്റിയ ഈ തെറ്റ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്”

എല്ലാവരും ദയനീയ ഭാവത്തില്‍ ലവനെ നോക്കി....അവനപ്പോഴും കാമറൂണിന്റെ തെറ്റുകണ്ടുപിടിച്ച ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ തന്നെയായിരുന്നു