Monday, April 30, 2007

കര്‍ട്ടനിടണോ അതോ...

വേദി കല്‍പ്പറമ്പ് ബി.വി.എം. ഹൈസ്ക്കൂള്‍.
സമയം രാത്രി ഏകദേശം 8 മണി
സ്ക്കൂള്‍ ആനിവേഴ്സറി പരിപാടികള്‍ സ്റ്റേജില്‍ തകര്‍ക്കുന്നു. പത്താം ക്ലാസുകാരനായ ഞാനും സുഹൃത്തുക്കളായ മനോജ്,ഗണേശ്,സുബിന്‍,ശ്യാം എന്നിവരും കൂ‍ടി ഞങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന മിമിക്സ് പരേഡിന്റെ അവസാന റിഹേഴ്സലും കഴിഞ്ഞ് ഞങ്ങളുടെ പേര് വിളിക്കുന്നതും കാത്ത് സ്റ്റേജിനരികെ നില്‍ക്കുകയാണ്. സ്ക്കൂള്‍ ജീവിതത്തിലെ അവസാന ആനിവേഴ്സറിയായതിനാല്‍ എല്ലാവരും പരമാവധി ഷൈന്‍ ചെയ്യാന്‍ തന്നെ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്
പെട്ടെന്നതാവരുന്നു അനൌണ്‍സ് മെന്റ്.
“ അടുത്തതായി സുബിനും പാര്‍ട്ടിയും അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്”
എല്ലാ‍വരും വേഗം തന്നെ സ്റ്റേജിലേക്ക് പാഞ്ഞു കയറി. എല്ലാവരും അവരവര്‍ക്ക് കിട്ടിയ മൈക്രോഫോണെടുത്തു കൊട്ടലും തട്ടലും തുടങ്ങി.
“ ഹലോ... മൈക്ക് ടെസ്റ്റിംങ്.......മൈക്ക് ടെസ്റ്റിംങ് “
കര്‍ട്ടനുയര്‍ന്നു.
അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ കളകളാരവവും ഒക്കെയായി പരിപാടി തുടങ്ങി
ആദ്യയിനം ഒരു ആശുപത്രിയിലെ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ നടക്കുന്ന ചില രംഗങ്ങളായിരുന്നു.
നര്‍മ്മബോധമില്ലാത്ത കാണികള്‍ ചിരിക്കാനാ‍യി അവരുടെ വായ് ഒന്നു തുറന്നുതുപോലുമില്ല.
ദുഷ്ടന്മാര്‍..ദുഷ്ടികള്‍
“ അടുത്തതായി ഇവിടെ ഞങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത് ....” എന്നു പറഞ്ഞു തുടങ്ങിയില്ല അതാ വരുന്നു ഒരു കൂവലിന്റെ ആരവം
പിന്നെ... നമ്മളെയാ കൂവി തോല്‍പ്പിക്കാന്‍ നോക്കുന്നേ... ഇതൊക്കെ എത്ര കണ്ടതാ മക്കളെ എന്നും പറഞ്ഞു ഞങ്ങള്‍ പരിപാടി തുടര്‍ന്നു.
പക്ഷേ ഞങ്ങള്‍ വിചാരിച്ച പോലെ ആ കൂവല്‍ അവിടം കൊണ്ടു നിന്നില്ല. അതിന്റെ ശക്തി പൂര്‍വ്വാധികം കൂടി കൂടി വന്നു.
പിന്നേ... ഞങ്ങളുണ്ടോ വിടുന്നു. കൂവിക്കോ...കൂവിക്കോ.. എത്രവേണെലും കൂവിക്കോ. ഞങ്ങളിതു മുഴുവനായി തീര്‍ത്തിട്ടേ സ്റ്റേജില്‍ നിന്നിറങ്ങൂ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് പരിപാടി തുടര്‍ന്നു.
അതിനേക്കാല്‍ ശ്ക്തിയായി കൂവലും തുടര്‍ന്നുകൊണ്ടിരുന്നു
പെട്ടെന്നാണ് ഹെഡ് മാഷ് സ്റ്റേജിലേക്ക് വന്നത്
മോഹന്‍ലാലിനെ അനുകരിക്കാന്‍ റെഡിയായി നിന്ന എന്റെ സുഹൃത്തിനെ വിളിച്ച് മാഷ് പറഞ്ഞു.
“പരിപാടി നിങ്ങളായിട്ടു നിര്‍ത്തുന്നോ അതോ ഞാന്‍ കര്‍ട്ടനിടാന്‍ പറയണോ?
“മാഷേ...ഒരു 20 മിനിറ്റു കൂടി. പെട്ടെന്നു കഴിക്കാം. സുഹൃത്തു പറഞ്ഞു.
‘ഇരുപതു മിനിറ്റു പോയിട്ടു ഒരു മിനിറ്റുപോലും തരാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ കൂവല്‍ കേട്ട് എല്ലാവരുടേയും ചെവിക്കല്ലു പൊട്ടിയമട്ടായി. ഇനിയും ഈ കൂവല്‍ സഹിക്കാനുള്ള ശേഷി ഞങ്ങളുടെ കാതിനില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ അവസാനിപ്പിച്ചേക്കൂ..”
വളര്‍ന്നു വരുന്ന ഭാവി കലാകാരന്മാരുടെ സര്‍ഗ്ഗവാസനയെ ഇങ്ങനെ അടിച്ചമര്‍ത്തല്ലേ മാഷേ എന്നു എനിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും നമ്മുടെ മിമിക്സ് ഒരു ഭൂലോക അലമ്പായിരുന്നെന്നു വ്യക്തമായി അറിയാമായിരുന്നതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല (പിന്നെ..അല്ലേല്‍ നീ ഒലത്തും)
ഇനിയും പരിപാടി തുടര്‍ന്നാല്‍ മാഷ് കര്‍ട്ടനിടാന്‍ പറയുമെന്നറിയാമായിരുന്നതിനാല്‍ എല്ലാവരും പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
“ പ്രിയപ്പെട്ടവരെ.....
ഇതോടുകൂടി ഞങ്ങളുടെ ഈ മിമിക്സ് പരേഡ് ഇവിടെ അവസാനി(പ്പി)ക്കുകയാണ്. ഇത്രയും നേരം ഞങ്ങളെ പ്രോത്സാഹിപ്പിച്ച ( നിന്നെയൊക്കെ ഞങ്ങള്‍ എടുത്തോളാടാ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ) നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.......” എന്നു പറഞ്ഞു തീരുമ്പോഴേക്കും കര്‍ട്ടന്‍ വീണുകഴിഞ്ഞിരുന്നു...

Friday, April 27, 2007

ഒരു ഫ്രൂട്ട് സലാഡും ചെമ്പരത്തിപ്പൂവും

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടാണ് വേദി. ഞാന്‍ ബോംബെക്കു പോകുവാനായി എത്തിയതാണ്. ഉച്ചക്ക് 1.30 നുള്ള കിംങ്ഫിഷര്‍ എയര്‍ലൈന്‍സിലാണു യാത്ര. ഞാന്‍ ഒരു 11.30 ആയപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. ചെക്ക് ഇന്‍ ചെയ്തതിനുശേഷം ഞാന്‍ ലോഞില്‍ (വായ് നോക്കി ? ) ഇരിക്കുകയാണ്. അപ്പോഴാണ് എന്തോ ഒരു അനൌണ്‍സ്മെന്റ് കേട്ടത്. പക്ഷെ എനിക്കത് ശ്രദ്ദിക്കാന്‍ പറ്റിയില്ല. അതിനുശേഷം തൊട്ടടുത്തിരിക്കുന്നയാള്‍ എന്നോട് കിംങ്ഫിഷറിലാണോ പോകുന്നതെന്നു ചോദിച്ചു. ഞാന്‍ അതെയെന്നും പറഞ്ഞു“ കിംങ്ഫിഷര്‍ രണ്ട് മണിക്കൂര്‍ ലേറ്റാ. അതിനാല്‍ കിംങ്ഫിഷറിന്റെ വക ലഞ്ച് എയര്‍പോര്‍ട്ട് ഹോട്ടലില്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. അതാണിപ്പോള്‍ അനൌണ്‍സ് ചെയ്തത്. ഞാന്‍ ഹോട്ടലിലേക്കു പോവുകയാ. നിങ്ങള്‍ വരുന്നോ? ” , അയാള്‍ എന്നോട് ചോദിച്ചു . വീട്ടില്‍ നിന്നും മൂക്കുമുട്ടെ തട്ടിയിട്ടാണ് വന്നത്. എങ്കിലും ഓസിനു കിട്ടിയാല്‍ ആസിഡും കഴിക്കുന്ന ടീമായതുകൊണ്ട് നേരെ എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് വെച്ചുപിടിച്ചു. കിംങ്ഫിഷറിന്റെ വക ഭക്ഷണം എന്തിനു വെറുതെ കളയണം...ഏറ്റവും വിലകൂടിയ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്നു മനസ്സില്‍ വിചാരിച്ചെങ്കിലും ഒട്ടും വിശപ്പില്ലാതിരുന്നതിനാല്‍ ഒരു ഫ്രൂട്ട് സലാഡില്‍ ഒതുക്കാമെന്നു വച്ചു. അങ്ങിനെ ഒരു ഫ്രൂട്ട് സലാഡിനു ഓര്‍ഡര്‍ കൊടുത്തു. 150 രൂപയാണു വില.പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ സാധനം എത്തി. ചെമ്പരത്തിപ്പൂവിന്റെ രണ്ടു ഇതളും, നാലു തുളസിയിലയും അതിന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ കഴിച്ചുതുടങ്ങിയപ്പോഴാണ് ഒരാള്‍ ഹോട്ടലില്‍ വന്നു കിംങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ബോംബെക്കു പോകുന്ന ആരെങ്കുലുമുണ്ടോ എന്നു ചോദിച്ചത്. ഫ്ലൈറ്റ് ഉടനെ പുറപ്പെടുകയാണെന്നും അയാള്‍ പറഞ്ഞു.ഇതെന്തു കഥ... കുറച്ചു മുന്‍പല്ലേ ഫ്ലൈറ്റ് രണ്ടു മണിക്കൂര്‍ ലേറ്റാണെന്നു പറഞ്ഞത്. എന്നിട്ടിപ്പോള്‍...എന്തായിത്. ഞാന്‍ ചോദിച്ചു.“ചെന്നൈയിലേക്കു പോകുന്ന കിംങ്ഫിഷര്‍ ഫ്ലൈറ്റാ ലേറ്റ്. ബോംബെക്കുള്ളത് കൃത്യസമയത്തു തന്നെ..വേഗം വരൂ...” അയാള്‍ പറഞ്ഞു.ദൈവമേ...ഞാന്‍ പെട്ടെന്നു തന്നെ ബാഗ് എടുത്തു നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ എന്നോട് ഫ്രൂട്ട് സലാഡിന്റെ കാശ് കൊടുക്കാന്‍ പറഞ്ഞു..“കാശോ? എന്തു കാശ്... ഇതു എയര്‍ലൈന്‍സുകാര്‍ ഏര്‍പ്പാടാക്കിയ ഭക്ഷണം അല്ലെ.. ഞാന്‍ എന്തിനു കാശുതരണം ?” ഞാന്‍ ചോദിച്ചു..

“ ചെന്നൈയിലേക്കു പോകുന്ന യാത്രക്കാര്‍ക്കു വേണ്ടിയാണു എയര്‍ലൈന്‍സുകാര്‍ ഭക്ഷണം ഏര്‍പ്പാടാക്കിയത്. അല്ലാതെ ബോംബെക്കു പോകുന്നവര്‍ക്കല്ല”. അയാള്‍ മറിപടി പറഞ്ഞു.തര്‍ക്കിച്ചു നില്‍ക്കാന്‍ സമയമില്ല... വേഗം തന്നെ 150 രൂപയെടുത്ത് ബില്ലു പേ ചെയ്തു. എന്റെ ദൈവമേ... 150 രൂപക്ക് ഫ്രൂട്ട് സലാഡ്. എന്റെ ഉള്ളൂ പിടഞ്ഞു...ഞാന്‍ പതുക്കെ ഫ്രൂട്ട് സലാഡ് ഇരിക്കുന്ന പാത്രത്തിലേക്കു നോക്കി. അതില്‍ ഉണ്ടായിരുന്ന ചെമ്പരത്തിപൂവിന്റെ ഇതള്‍ അപ്പോള്‍ എന്റെ ചെവിയിലാണിരിക്കുന്നതെന്നു എനിക്കു തോന്നി.

ആനപ്പടക്കവും ചന്ദനത്തിരിയും

ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് സംഭവം.പതിനേഴിന്റെ ചോരത്തിളപ്പുള്ള കാലം. ഇനി നേരിട്ട് സംഭവത്തിലേക്ക് കടക്കാം.ഞങ്ങള്‍ക്ക് ഇംഗ്ലീഷ് എടുത്തിരുന്നത് കാണാന്‍ കുറച്ചു ഭംഗിയുള്ള, ഒരു ചെത്തു സ്റ്റൈലില്‍ വരുന്ന ഒരു ടീച്ചറായിരുന്നു. ഈ ടീച്ചര്‍ക്കിട്ട് ഒരു പണി കൊടുക്കണമെന്നു ക്ലാസിലെ ഒരുകൂട്ടം കുട്ടികള്‍ തീരുമാനിക്കുന്നു. ( എല്ലാം കലിപ്പ് ടീമുകള്‍ തന്നെ... ). അതിനുവേണ്ടി അവര്‍ ഒരു പരിപാടിയും ആസൂത്രണം ചെയ്തു.അന്നു മൂ‍ന്നാമത്തെ അവറായിരുന്നു ഇംഗ്ലീഷ് ക്ലാസ്. ആദ്യത്തെ രണ്ട് അവറിനുശേഷം ഇന്റര്‍വെല്ലാണ്. ഇന്റര്‍വെല്‍ സമയത്തു നമ്മുടെ ഈ ടീം എവിടെനിന്നോ ഒരു ആനപ്പടക്കം സംഘടിപ്പിച്ച് പടക്കത്തിന്റെ തിരി ഒരു ചന്ദനത്തിരിയുടെ ഏകദേശം നടുവിലായി കെട്ടി. അതിനുശേഷം ഈ ചന്ദനത്തിരി ബ്ലാക്ക് ബോര്‍ഡിന്റെ പിന്നിലായി വെച്ച ശേഷം ചന്ദനത്തിരി കത്തിച്ചു. അപ്പോള്‍ ഈ ചന്ദനത്തിരി കത്തി പകുതിയാകുമ്പോള്‍ പടക്കത്തിന്റെ തിരിക്ക് തീപിടിച്ച് പടക്കം പൊട്ടും . അതാണ് ഉദ്ദേശ്യം. ( അമ്പമ്പോ.. എന്തൊരു തല... ) ഇന്റര്‍വെല്‍ കഴിഞ്ഞു. ടീച്ചര്‍ ക്ലാസില്‍ വന്നു. ഈ സംഭവ വികാസങ്ങള്‍ ഒന്നുമറിയാതെ ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡിന്റെ അരിയില്‍ നിന്നു ക്ലാസ് ആരംഭിച്ചു. ചന്ദനത്തിരിയുടെ പുക ബോര്‍ഡിന്റെ പിന്നിലൂടെ ഉയരുന്നത് ഞങ്ങല്‍ക്കൊല്ലാവര്‍ക്കും കാണാമായിരുന്നു. എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. ഏത് നിമിഷവും അത് പൊട്ടാം. ഇതൊന്നുമറിയാതെ ടീച്ചര്‍ ക്ലാസ് തുടര്‍ന്നു.പെട്ടെന്നാണ് ക്ലാസിലെ ഒരുത്തന് ബോധോദയമുണ്ടായത്. അവന്‍ വേഗം ടീച്ചറെ വിളിച്ച് കാര്യം പറഞ്ഞു. സംഭവം കേട്ട് ടീച്ചര്‍ ഞെട്ടി. വേഗം തന്നെ ടീച്ചര്‍ ക്ലാസിനു പുറത്തുവന്നു. ഏകദേശം ആ നിമിഷം തന്നെ അതു സംഭവിച്ചു.ഠേ...... ഒരു വലിയ ശബ്ദത്തോടെ ആ ആനപ്പടക്കം പൊട്ടി.ശബ്ദം കേട്ട് മറ്റുക്ലാസിലെ കുട്ടികളും ടീച്ചേര്‍സും ഓടിവന്നു. അതിനു ശേഷം അവിടെ നടന്ന സംഭവങ്ങള്‍ ഞാനിവിടെ പറയുന്നില്ല. പക്ഷേപിറ്റേദിവസമാണ് സംഭവബഹുലമായ കാര്യം നടന്നത്പിറ്റേ ദിവസം രാവിലെ നമ്മുടെ ഈ ടീച്ചറിന്റെ ഭര്‍ത്താവും ആളുടെ കുറച്ചു കൂട്ടുകാരും കൂടി തലേദിവസത്തെ സംഭവത്തിലെ സൂത്രധാരനെപൊക്കാന്‍ കോളേജ് പടിക്കല്‍ കാത്തുനിന്നു. ഇതൊന്നുമറിയാതെ കോളേജിലേക്ക് നടന്നുവരികയായിരുന്ന നമ്മുടെ നായകനെ ഈ ടീം വളഞ്ഞു. പിന്നെ അവിടെ ഒരു അടിയുടെ ഒരു പൂരം നടന്നു. നായകന്‍ തളര്‍ന്നവശനായി. ഒരാളും ഈ അടി തടുക്കാന്‍ മുന്നോട്ട് വന്നില്ലകാരണം മറ്റൊന്നുമല്ല. നായകനെ വളഞ്ഞിരുന്നവരെല്ലാവരും നല്ല കട്ട ടീമുകളായിരുന്നു. അതുകൊണ്ട് ആരും തങ്ങളുടെ തടി കേടാക്കാന്‍ ധൈര്യപ്പെട്ടില്ല. ( എന്തു നല്ല സുഹൃത്തുക്കള്‍) .അവസാനം തല്ലാന്‍ വന്നവരിലൊരാള്‍ ഒരു വലിയ കത്തി പുറത്തെടുത്തു നമ്മുടെ നായകന്റെ മുഖത്തു വെച്ചു. എന്നുട്ടു രണ്ടു ഡയലോഗും. “വല്ലാണ്ട് കളിച്ചാല്‍ താ ഈ കത്തികൊണ്ട് നിന്റെ ശരീരത്തില്‍ ഞാന്‍ സവാരി ഗിരി ഗിരി നടത്തും . കേട്ടോടാ .....” (ശരിക്കുള്ള ഡയലോഗ് ഇതല്ല... അതു ഇവിടെ പറയാന്‍ പറ്റില്ല.)നായകനെ തല്ലിയപ്പോള്‍ ഒരാളും ഇടപ്പെട്ടില്ലെങ്കിലും നമ്മുടെ കൊട്ടെഷന്‍ ടീം പോയതിനു ശേഷം ഈ ടീച്ചര്‍ക്കെതിരെ പ്രതിഷേധപ്രകടനം നടത്താനും മറ്റും എല്ലാവരും രംഗത്തിറങ്ങി.