Monday, April 30, 2007

കര്‍ട്ടനിടണോ അതോ...

വേദി കല്‍പ്പറമ്പ് ബി.വി.എം. ഹൈസ്ക്കൂള്‍.
സമയം രാത്രി ഏകദേശം 8 മണി
സ്ക്കൂള്‍ ആനിവേഴ്സറി പരിപാടികള്‍ സ്റ്റേജില്‍ തകര്‍ക്കുന്നു. പത്താം ക്ലാസുകാരനായ ഞാനും സുഹൃത്തുക്കളായ മനോജ്,ഗണേശ്,സുബിന്‍,ശ്യാം എന്നിവരും കൂ‍ടി ഞങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന മിമിക്സ് പരേഡിന്റെ അവസാന റിഹേഴ്സലും കഴിഞ്ഞ് ഞങ്ങളുടെ പേര് വിളിക്കുന്നതും കാത്ത് സ്റ്റേജിനരികെ നില്‍ക്കുകയാണ്. സ്ക്കൂള്‍ ജീവിതത്തിലെ അവസാന ആനിവേഴ്സറിയായതിനാല്‍ എല്ലാവരും പരമാവധി ഷൈന്‍ ചെയ്യാന്‍ തന്നെ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്
പെട്ടെന്നതാവരുന്നു അനൌണ്‍സ് മെന്റ്.
“ അടുത്തതായി സുബിനും പാര്‍ട്ടിയും അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്”
എല്ലാ‍വരും വേഗം തന്നെ സ്റ്റേജിലേക്ക് പാഞ്ഞു കയറി. എല്ലാവരും അവരവര്‍ക്ക് കിട്ടിയ മൈക്രോഫോണെടുത്തു കൊട്ടലും തട്ടലും തുടങ്ങി.
“ ഹലോ... മൈക്ക് ടെസ്റ്റിംങ്.......മൈക്ക് ടെസ്റ്റിംങ് “
കര്‍ട്ടനുയര്‍ന്നു.
അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ കളകളാരവവും ഒക്കെയായി പരിപാടി തുടങ്ങി
ആദ്യയിനം ഒരു ആശുപത്രിയിലെ ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ നടക്കുന്ന ചില രംഗങ്ങളായിരുന്നു.
നര്‍മ്മബോധമില്ലാത്ത കാണികള്‍ ചിരിക്കാനാ‍യി അവരുടെ വായ് ഒന്നു തുറന്നുതുപോലുമില്ല.
ദുഷ്ടന്മാര്‍..ദുഷ്ടികള്‍
“ അടുത്തതായി ഇവിടെ ഞങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത് ....” എന്നു പറഞ്ഞു തുടങ്ങിയില്ല അതാ വരുന്നു ഒരു കൂവലിന്റെ ആരവം
പിന്നെ... നമ്മളെയാ കൂവി തോല്‍പ്പിക്കാന്‍ നോക്കുന്നേ... ഇതൊക്കെ എത്ര കണ്ടതാ മക്കളെ എന്നും പറഞ്ഞു ഞങ്ങള്‍ പരിപാടി തുടര്‍ന്നു.
പക്ഷേ ഞങ്ങള്‍ വിചാരിച്ച പോലെ ആ കൂവല്‍ അവിടം കൊണ്ടു നിന്നില്ല. അതിന്റെ ശക്തി പൂര്‍വ്വാധികം കൂടി കൂടി വന്നു.
പിന്നേ... ഞങ്ങളുണ്ടോ വിടുന്നു. കൂവിക്കോ...കൂവിക്കോ.. എത്രവേണെലും കൂവിക്കോ. ഞങ്ങളിതു മുഴുവനായി തീര്‍ത്തിട്ടേ സ്റ്റേജില്‍ നിന്നിറങ്ങൂ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് പരിപാടി തുടര്‍ന്നു.
അതിനേക്കാല്‍ ശ്ക്തിയായി കൂവലും തുടര്‍ന്നുകൊണ്ടിരുന്നു
പെട്ടെന്നാണ് ഹെഡ് മാഷ് സ്റ്റേജിലേക്ക് വന്നത്
മോഹന്‍ലാലിനെ അനുകരിക്കാന്‍ റെഡിയായി നിന്ന എന്റെ സുഹൃത്തിനെ വിളിച്ച് മാഷ് പറഞ്ഞു.
“പരിപാടി നിങ്ങളായിട്ടു നിര്‍ത്തുന്നോ അതോ ഞാന്‍ കര്‍ട്ടനിടാന്‍ പറയണോ?
“മാഷേ...ഒരു 20 മിനിറ്റു കൂടി. പെട്ടെന്നു കഴിക്കാം. സുഹൃത്തു പറഞ്ഞു.
‘ഇരുപതു മിനിറ്റു പോയിട്ടു ഒരു മിനിറ്റുപോലും തരാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ കൂവല്‍ കേട്ട് എല്ലാവരുടേയും ചെവിക്കല്ലു പൊട്ടിയമട്ടായി. ഇനിയും ഈ കൂവല്‍ സഹിക്കാനുള്ള ശേഷി ഞങ്ങളുടെ കാതിനില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ അവസാനിപ്പിച്ചേക്കൂ..”
വളര്‍ന്നു വരുന്ന ഭാവി കലാകാരന്മാരുടെ സര്‍ഗ്ഗവാസനയെ ഇങ്ങനെ അടിച്ചമര്‍ത്തല്ലേ മാഷേ എന്നു എനിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും നമ്മുടെ മിമിക്സ് ഒരു ഭൂലോക അലമ്പായിരുന്നെന്നു വ്യക്തമായി അറിയാമായിരുന്നതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല (പിന്നെ..അല്ലേല്‍ നീ ഒലത്തും)
ഇനിയും പരിപാടി തുടര്‍ന്നാല്‍ മാഷ് കര്‍ട്ടനിടാന്‍ പറയുമെന്നറിയാമായിരുന്നതിനാല്‍ എല്ലാവരും പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
“ പ്രിയപ്പെട്ടവരെ.....
ഇതോടുകൂടി ഞങ്ങളുടെ ഈ മിമിക്സ് പരേഡ് ഇവിടെ അവസാനി(പ്പി)ക്കുകയാണ്. ഇത്രയും നേരം ഞങ്ങളെ പ്രോത്സാഹിപ്പിച്ച ( നിന്നെയൊക്കെ ഞങ്ങള്‍ എടുത്തോളാടാ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ) നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.......” എന്നു പറഞ്ഞു തീരുമ്പോഴേക്കും കര്‍ട്ടന്‍ വീണുകഴിഞ്ഞിരുന്നു...

No comments: